Sunday, July 4, 2010

കാളക്കൂറ്റന്‍മാര്‍





മാഡ്രിഡ് ഫുട്ബാളിന്റെ കര്‍മഭൂമിയാണ്. സാവോപോളോയിലെയും ബ്യൂണസ് അയേഴ്സിലെയും നവജാതശിശുക്കള്‍ക്ക് ഫുട്ബാളിന്റെ മായിക ചലനമാണ് പിച്ചവെക്കാന്‍ കാലുകള്‍ക്ക് ബലമേകുന്നതെങ്കില്‍ മാഡ്രിഡിലെ പൈതലുകളുടെ സഹവാസം ഭൂഗോളത്തിലെ ഫുട്ബാള്‍ ദൈവങ്ങള്‍ക്കൊപ്പമാണ്. അവരുടെ കൌമാരം സ്വദേശികളും 'വരുത്തന്‍മാരുമായ' കാല്‍പന്തിലെ തമ്പുരാക്കന്‍മാര്‍ക്കിടയിലാകും.ലോകത്തെ ഏറ്റവും വിലയുള്ള ബൂട്ടിട്ട കാലുകളാണ് അവരെ പുല്‍മൈതാനങ്ങളിലെ അതിര്‍ത്തികളില്ലാത്ത ലോകത്തേക്ക് സ്വാഗതം ചെയ്യുക. ഫുട്ബാളിനോടുള്ള ഈ അടങ്ങാത്ത ആവേശം മറ്റൊരു രീതിയില്‍ ഞാന്‍ കൊല്‍ക്കത്തയില്‍ കണ്ടിട്ടുണ്ട്. ലോക ഫുട്ബാളിന്റെ ഭൂപടത്തില്‍ കയറിപ്പറ്റാനാകാതെ മലര്‍ന്നടിച്ചുവീണ നമ്മുടെ രാജ്യത്തെ ഫുട്ബാള്‍ പ്രണയിനികളുടെ കാര്യം ഇതെങ്കില്‍ മാഡ്രിഡിലെ ഫുട്ബാള്‍ ഭ്രാന്ത് ഊഹിക്കാവുന്നതല്ലേയുള്ളൂ. അതും ഇതിഹാസങ്ങള്‍ കൈയെത്തും ദൂരത്ത് പന്ത് തട്ടുമ്പോള്‍...


സ്പാനിഷ് ലീഗ് =
സ്പെയിന്‍

റയല്‍ മാഡ്രിഡ്,ബാഴ്സലോണ,വിയ്യാറയല്‍, അത്ലറ്റികോ മാഡ്രിഡ്,വലന്‍സിയ സ്പാനിഷ് ലീഗിലെ ഈ അതികായന്‍മാരെ അണിനിരത്തിയാല്‍ സ്പെയിന്‍ എന്ന ദേശിയ ടീമായി. ഫുട്ബാളിലെ 'ജീവവായു' കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് ഷെയര്‍മാര്‍ക്കറ്റ് ഇടിയുകയും ഉയരുകയും ചെയ്യുന്ന രാജ്യമാണ് സ്പെയിന്‍ എന്നോര്‍ക്കണം. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങള്‍ വന്നടിയുന്ന ലീഗാണ് അവരുടേത്. അവരോടൊപ്പം ഉണ്ടും ഉറങ്ങിയും കൊണ്ടും കൊടുത്തും കളിച്ചവരാണ് സ്പെയിനിലെ മിക്ക കളിക്കാരും. രണ്ടുപേര്‍ മാത്രമേ സ്പെയിനിനു പുറത്ത് പന്ത് തട്ടുന്നവരായുള്ളൂ. ലിവര്‍പൂളിന്റെ ഒമ്പതാംനമ്പര്‍താരം ഫെര്‍ണാണ്ടോ ടോറസും ആര്‍സണലിന്റെ മിഡ്ഫീല്‍ഡര്‍ ജനറല്‍ ഫാബ്രിഗാസും. ബാക്കി സൈഡ് ബെഞ്ചിലിരിക്കുന്ന 'ദൈവങ്ങള്‍' ഉള്‍പ്പെടെയുള്ളവര്‍ സ്വന്തം നാട്ടിലെ വിവിധ ക്ലബുകള്‍ക്കായി ബൂട്ടുകെട്ടുന്നവരാണ്. സ്പെയിനിന് ഏറ്റവും അനുകൂലമായി കാണുന്ന ഘടകം ഇതാണ്. മിക്കവാറും ഒരേ ശൈലിയില്‍ പന്തുതട്ടുന്നവരായതിനാല്‍ കോച്ച് സ്വദേശി തന്നെയായ വിസെന്റ് ദെല്‍ബോസ്ക് ഗോണ്‍സെയ്ലിസിന് കാര്യങ്ങള്‍ എളുപ്പമായി. ഇത്തരം ഘട്ടങ്ങളില്‍ ടീം കോച്ച് അനുഭവിക്കുന്ന സമ്മര്‍ദം കളിക്കാരനും കോച്ചെന്ന നിലയിലും എനിക്ക് ഊഹിക്കാനാകും. വ്യത്യസ്ത ക്ലബുകളില്‍ കളിക്കുന്ന ഇവരെ രാജ്യത്തിനുവേണ്ടി ബാലന്‍സ്ഡ് ടീം ആക്കി മാറ്റിയെടുക്കേണ്ട റിസ്കേ ഗോണ്‍സെയ്ലിസിനുള്ളൂ. അതിനൊക്കെ പുറമെ കളിക്കാരില്‍ ആത്മവിശ്വാസം വളര്‍ത്തുകയാണ് പ്രധാനം. എന്റെ കരിയറില്‍ ഞാന്‍ കൂടുതല്‍ മുന്‍ഗണന നല്‍കിയത് ഈയൊരു ഘടകത്തിനാണ്. ഈ രണ്ടുകാര്യങ്ങളില്‍ ഗോണ്‍സെയ്ലിസ് വിജയം കണ്ടാല്‍ ഫിഫ കപ്പ് മാഡ്രിഡിലെ ഷോക്കേഴ്സില്‍ വിശ്രമിക്കും.


റാങ്കിംഗില്‍ ഒന്നാമത്
അര്‍ജന്റീനയോ
ബ്രസീലോ അല്ല ...

നിലവിലെ ഫോമില്‍ ഈ കാളക്കൂറ്റന്‍മാരെ ആര്‍ക്കാണ് പിടിച്ചുകെട്ടാനാവുക? 2007 ^മുതല്‍ നടന്ന 35 അന്തരാഷ്ട്ര മല്‍സരങ്ങളില്‍ ഒന്നില്‍പോലും ഈ രാജ്യം തോല്‍വിയറിഞ്ഞിട്ടില്ല. സമനിലയില്‍ പിരിഞ്ഞ രണ്ടുമല്‍സരത്തില്‍ ഒന്ന് സാക്ഷാല്‍ ബ്രസീലിനോടാണെന്നറിയുമ്പോഴേ സ്പെയിനിന്റെ കുതിപ്പ് അളക്കാനാകൂ. ഇവര്‍ കെട്ടുകെട്ടിച്ചവരില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ ഇറ്റലി, ജര്‍മനി, ഇംഗ്ലണ്ട് തുടങ്ങിയ കൊലകൊമ്പന്‍മാരും പെടും. ഒരുകാര്യം നമ്മള്‍ മനസ്സിലാക്കണം ,ഇന്ന് ലോക ഫുട്ബാള്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ളത് അര്‍ജന്റീനയോ ബ്രസീലോ ഇറ്റലിയോ അല്ല ഐകര്‍ കാസിയാസ് നയിക്കുന്ന ഈ ചുള്ളന്‍സംഘമാണ്. എല്ലാ വേള്‍ഡ് കപ്പിലും ആരംഭശൂരത്വവും പേറി മലപോലെവന്ന് എലിയായി മടങ്ങുന്ന സ്പെയിനിനെയാണ് നാം കാണാറുള്ളത്. എന്നാല്‍, ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അത്രക്ക് കെട്ടുറപ്പുള്ള ടീമാണ് അവരുടേത്. ദക്ഷിണാഫ്രിക്കയില്‍ അത് നേടിയില്ലെങ്കില്‍ പിന്നെ എന്ന് എന്ന ചോദ്യം മാത്രമേ ബാക്കിയാവുന്നുള്ളൂ. ഇനി സ്പാനിഷ് ദുരന്തം ആവര്‍ത്തിക്കുകയാണെങ്കില്‍ അവരൊഴുക്കുന്ന കണ്ണീര്‍ വര്‍ഷങ്ങളോളം തുടരും. 1986ല്‍ സെമിയില്‍ എത്തിയതാണ് ഇവരുടെ ഇതുവരെയുള്ള എടുത്തുപറയാവുന്ന നേട്ടം.
ലോകത്തെ സുപ്രധാന ലീഗ് മല്‍സരങ്ങള്‍ നടക്കുന്ന രാഷ്ട്രങ്ങള്‍ക്കെല്ലാം ലോകകപ്പ് നേടാനായിട്ടും റയലും ബാഴ്സയും രഥമേറുന്ന സ്പെയിനിന് ഫിഫകപ്പ് അന്യം നില്‍ക്കുന്നത് എങ്ങനെ നീതീകരിക്കൂം? ഈ കളങ്കം ഇത്തവണ അവര്‍ കഴുകിക്കളയുമെന്നാണ് എന്റെ ഉറച്ച പ്രതീക്ഷ. അതിന്റെ ശുഭസൂചനയാണ് 2008ലെ യൂറോകപ്പ് വിജയം. എങ്ങനെയെങ്കിലും റിസല്‍റ്റ് ഉണ്ടാക്കുക എന്നതിനപ്പുറം ചേതോഹരമായ ഫുട്ബാള്‍ കളിച്ച് എതിരാളികളുടെ പോലും കൈയടി വാങ്ങി ജയിക്കുന്നതാണ് സ്പെയിനിന്റെ രീതി. കുറിയ പാസുകളില്‍ ഒരേസമയം കളിയുടെ വേഗം കൂട്ടിയും കുറച്ചുമുള്ള സ്പാനിഷ് ശൈലി ദക്ഷിണാഫ്രിക്കയില്‍ ആരാധകരെ സൃഷ്ടിക്കുമെന്നുറപ്പ്.


ഈ ലൈനപ്പ് ഏത്
കോച്ചിനെയാണ്
ഭ്രമിപ്പിക്കാത്തത്?

ചിലി,സ്വിറ്റ്സര്‍ലാന്‍ഡ്,ഹോണ്ടുറാസ് ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് സ്പെയിനിന് രണ്ടാം റൌണ്ടിലെത്തണമെങ്കില്‍ അധികം വിയര്‍ക്കേണ്ടിവരുമെന്ന് തോന്നുന്നില്ല. മഹത്തായ ലക്ഷ്യത്തിലേക്ക് അവര്‍ ഒഴുകി വരുന്നത് കാണേണ്ട കാഴ്ചയാണ്. പോര്‍ക്കളത്തില്‍ ശത്രുപക്ഷത്തെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തി അന്തിമപേരാട്ടത്തില്‍ ലോക ഫുട്ബാളിനെ തങ്ങളുടെ കാല്‍ക്കീഴിലാക്കി കിരീടം മാറോടണക്കാന്‍ സ്പാനിഷ് സംഘം കൌണ്ട്ഡൌണ്‍ തുടങ്ങിക്കഴിഞ്ഞു.
എന്തിനും പോന്ന ലൈനപ്പ് ആണ് ഇവരുടെ ശക്തി. ക്യാപ്റ്റന്റെ ആം റിബണ്‍ അണിയുന്ന 29 കാരന്‍ ഐകര്‍ കാസിയാസ് നേതൃത്വം നല്‍കുന്ന സംഘത്തിലെ അന്തിമ ഇലവനെ തീരുമാനിക്കുക കോച്ചിന് ഒന്നൊന്നര പണിയാകും. ഒരുകാര്യം നമ്മള്‍ ഫുട്ബാള്‍ പ്രേമികള്‍ മറക്കരുത് ,സ്പെയിന്‍ എന്ന രാജ്യത്തെ ഫുട്ബാള്‍ പ്രേമികള്‍ കേട്ടുതുടങ്ങിയത് റൌള്‍ ഗോണ്‍സാലസിലൂടെയാണ്. റയല്‍ ക്യാപ്റ്റനായിരുന്ന റൌളിന് പോലും വേള്‍ഡ് കപ്പ് സ്ക്വാഡില്‍ സീറ്റ് കിട്ടിയില്ലെന്നറിയുക. അത്രക്കുണ്ട് സംഘത്തിലെ പ്രതിഭാ ധാരാളിത്തം.
യൂറോകപ്പില്‍ സ്പെയിനിനെ വിജയത്തിലേക്ക് നയിച്ച കാസിയാസ് രാജ്യത്തിനുവേണ്ടി കോട്ടകാത്ത 82 മാച്ചുകളില്‍ 42എണ്ണത്തിലും കാസിയാസിന്റെ പോസ്റ്റില്‍ പന്തടിച്ചുകയറ്റുന്നതില്‍ എതിരാളികള്‍ പരാജയപ്പെട്ടു. പെനാല്‍ട്ടി തടുക്കുന്നതിലും പേരുകേട്ട കാസിയാസ് റയലിന്റെ ഗോള്‍വല സൂക്ഷിപ്പുകാരാന്‍ കൂടിയാണ്. പ്രതിഭാധനരായ കാര്‍ലോസ് പുയോള്‍, സെര്‍ജിയോ റാമോസ്, മാര്‍ക്കോസ് സെന്ന തുടങ്ങിയവര്‍ തീര്‍ക്കുന്ന പ്രതിരോധത്തില്‍ പെട്ടെന്നൊരു വിള്ളല്‍ വീഴ്ത്തുക അസാധ്യമാകും. ഡിഫന്‍ഡറുടെ എല്ലാ ക്വാളിറ്റിയും സമ്മേളിച്ച പുയോള്‍ ഗോളടിപ്പിക്കുന്നതിലും മിടുക്കനാണ്. സാവി ഹെര്‍ണാണ്ടസ്, ഡേവിഡ് സില്‍വ, ഇനയസ്റ്റ,സാവി അലോണ്‍സോ മധ്യനിര അടക്കിഭരിക്കുന്ന ഈ സംഘം ഏത് കോച്ചിനെയും ഭ്രമിപ്പിക്കും. ഇവര്‍ കൃത്യമായി എത്തിക്കുന്ന പന്ത് വലയിലേക്ക് തിരിച്ചുവിടേണ്ട പണിയെ സ്ട്രൈക്കര്‍മാര്‍ക്കുള്ളൂ. മുന്‍നിരയില്‍ കളിക്കുന്ന ടോറസ്^വിയ സഖ്യത്തില്‍ ആരാണ് മുമ്പന്‍ എന്നതിലേ തര്‍ക്കം വേണ്ടൂ. എതിര്‍ പ്രതിരോധത്തില്‍ ആഞ്ഞടിക്കുന്ന എല്‍നിനോ (ടോറസ്) എതിര്‍ ടീമിന്റെ വേര് ഒറ്റക്ക് പിഴുതെറിയാന്‍ ശക്തിയുള്ളവനാണെന്ന് വിശ്വസിക്കുന്നവര്‍ ഒരുപാടാണ്.എനിക്ക് ആശങ്കയുള്ളത് അദ്ദേഹത്തിന്റെ പരിക്കിലാണ്. ഇപ്പോള്‍ ശത്രുപാളയം അദ്ദേഹത്തിന്റെ പരിക്കില്‍ ആശ്വസിക്കുന്നുണ്ടാകണം. യൂറോകപ്പില്‍ ജര്‍മനിക്കെതിരെ വിജയഗോള്‍ നേടിയ ടോറസ് പരിക്കുമാറി ഗ്രൌണ്ടിലെത്തിയാല്‍ പിടിച്ചുകെട്ടുക ദുഷ്കരമാകും.രണ്ട് ഡിഫന്‍ഡര്‍മാരെ അതിന് ചുമതലപ്പെടുത്തിയാലും അവന്‍ കെട്ടുപൊട്ടിക്കും. ഫ്ലക്സിബിള്‍ പ്ലയറാണവന്‍. 2003ല്‍ ദേശീയ ടീമിലെത്തിയ ഈ സ്വര്‍ണമുടിക്കാരന് ഒരിക്കല്‍പോലും മഞ്ഞയും ചുവപ്പും കലര്‍ന്ന ദേശീയകുപ്പായം അഴിക്കേണ്ടിവന്നിട്ടില്ല. ഏഴുവര്‍ഷം അത്രവലിയ കാലയളവ് അല്ലെങ്കിലും ഇതിനിടയില്‍ തന്റെ അസ്തിത്വം അരക്കിട്ടുറപ്പിക്കുക ശ്രമകരമാണ്. പ്രത്യേകിച്ച് യൂറോപ്പിനെ സംബന്ധിച്ചേടത്തോളം ഓരോ ദിവസവും പ്രതിഭകളായ സ്ട്രൈക്കര്‍മാര്‍ വെളിച്ചം കാണുമ്പോള്‍. നമ്മുടെ നാട്ടിലെ മുന്‍നിരകളിക്കാര്‍ക്ക് പഞ്ഞമുള്ളൂ. എന്നാല്‍ ടോറസിനെക്കാളും അപകടകാരിയാകും വിയ എന്ന് ഫുട്ബാള്‍ മതം വിലയിരുത്തുന്നു. റൌളിനെ പിന്തള്ളി ടീമിലെത്തിയതുമാത്രം മതി വിയയുടെ പ്രതിഭയളക്കാന്‍. കഴിഞ്ഞ യൂറോകപ്പിലെ ടോപ്പ് സ്കോററാണ് ഈ ഗോള്‍ഡന്‍ ബോയി. ക്രിസറ്റ്യാനോ,മെസി,റൂണി ഇവര്‍ക്കൊപ്പം സുവര്‍ണ പന്തിലേക്കുള്ള വഴിയില്‍ വിയയുണ്ടാകുമെന്ന് തീര്‍ച്ച. ദേശീയ ടീമിനായി 54 കളിയില്‍ നിന്ന് 36 ഗോളുകള്‍ വിയ ഇതിനകം സ്വന്തം പേരില്‍ കുറിച്ചു കഴിഞ്ഞു.
22 കാരനായ ഫാബ്രിഗാസാണ് ഗോണ്‍സെയ്ലിസിന്റെ മറ്റൊരു വജ്രായുധം. മധ്യനിരയില്‍ ഫാബ്രിഗാസ് കാല്കൊണ്ട് നെയ്തെടുക്കുന്ന തന്ത്രങ്ങള്‍ക്കനുസരിച്ചാകും കളിയുടെ വേഗം നിയന്ത്രിക്കുക. പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന്റെ ചാട്ടൂളിയായ ഫാബ്രിഗാസിനെ 16ാം വയസ്സിലാണ് ആഴ്സന്‍ വെംഗര്‍ ടീമിലെടുക്കുന്നത്. ചുരുങ്ങിയ പ്രായത്തില്‍ ലോക ഫുട്ബാളിലെ കളിയിടങ്ങളില്‍ തിരുത്താനാവാത്ത വിധം സ്വന്തം വിലാസം എഴുതിച്ചേര്‍ത്ത ഫാബ്രിഗാസില്‍ നിന്ന് നമ്മുക്ക് ഒരുപാട് പ്രതീക്ഷിക്കാം. ചുരുക്കത്തില്‍ ഇത്തവണ സ്പെയിന് എല്ലാം അനുകൂലമാണ്. ക്വാര്‍ട്ടറും സെമിയും കടന്ന് കലാശക്കൊട്ടില്‍ അവര്‍ ബ്രിസീലിനോട് മുട്ടട്ടെ എന്നാണ് എന്റെ ആഗ്രഹം. എങ്കില്‍ എന്നും ഓര്‍ത്തുവെക്കാന്‍ ഇരുണ്ട ഭൂഖണ്ഡം സമ്മാനിക്കുന്ന സമ്മോഹന വിരുന്നാകും അത്.

എന്‍.കെ റിയാസ്

Saturday, July 3, 2010

link ഇല്ലാതെ പ്രാവ് പറന്നപ്പോള്‍...


അന്ന് നേരത്തേ പേജ് ആയതാണ്.ഒരു മണിക്ക് പത്രം അടിക്കണമെന്ന് ന്യൂസ് എഡിറ്ററില്‍ നിന്ന് നിര്‍ദേശം. 12.50^ നെങ്കിലും അവസാനിപ്പിക്കണമെന്ന് കരുതിയാണ് മൌസും ഫയലും കൈയിലെടുത്തത്.കാര്യങ്ങളൊക്കെ കൈയെത്തും ദൂരത്ത് തന്നെയായിരന്നു.
എന്നാല്‍ 12.30 ആയപ്പോള്‍ ഒന്നാംപേജ് കൊലച്ചതിയുമായി നിരാഹാരം തുടങ്ങി. പ്രസില്‍ നിന്ന് കാലന്‍മുജീബിന്റെ കോള്‍.സമയമായി! എവിടെ പേജ്? ''ടാ പേജ് വിട്ടിട്ട് മണിക്കൂറുകളായി, നീ ആദ്യം സിസ്റ്റം ഓപ്പണാക്ക്...'ആര്‍ട്ടിസ്റ്റ് കയര്‍ത്തു. പത്ത് മിനിട്ട് കഴിഞ്ഞ്വീണ്ടും കോള്‍. പേജ് പ്രിന്റ് വിടാനാകുന്നില്ല. പിന്നീട് അവിടെ നടന്ന സമ്മര്‍ദങ്ങള്‍ വരച്ചിടാന്‍ കീബോര്‍ഡിലെ ലെറ്ററുകള്‍ തികയാതെ വരും. ഇവിടെ പടിച്ച പണികളൊക്കെ പയറ്റി. ഞങ്ങള്‍ കൊടും മഴയത്ത് നിന്നും ഇരുന്നും വിയര്‍ക്കുമ്പോള്‍ അവിടെ മദര്‍ ഡസ്കില്‍ അവര്‍ 'ഫ്ലോപ്പന്‍ റൂണിക്കായി' വാതുവെക്കുകയാണ്. (^ഫ്ലാഷ് ബാക്ക് ^അഴകിയ രാവണനില്‍ ശ്രീനിവാസന്‍ മമ്മുട്ടിക്ക് മുന്നില്‍ 'ചിറകൊടിഞ്ഞ കിനാക്കള്‍'വിവരിക്കുമ്പോള്‍ മനസില്‍ തെളിയുന്ന വിഷ്വലുകള്‍ സാക്ഷി!)
അവസാനം കൊച്ചിയില്‍ നിന്ന് സലീംക്കയുടെ സേവനം തേടാമെന്നുറച്ചു.സലീംക്ക ഫോമാകാന്‍ സമയമെടുത്തു. ഉടായിപ്പുകളുടെ ആശാനായതിനാല്‍ ഞങ്ങള്‍ പാമ്പന്‍ പാലത്തെപോലെ സലീമിക്കയില്‍ വിശ്വസിച്ചു. അവസാനം കള്ളന്‍ പേജില്‍ തന്നെയുണ്ടെന്ന് മനസ്സിലായി. അന്ന് പത്രം അഡീഷ്ണല്‍ കോപ്പി അടിക്കുന്നതിനാല്‍ പബ്ലിഷറുടെ കുറിപ്പ് കൊടുത്ത കോളത്തിലെ എംബ്ലമാണ് പ്രശ്നക്കാരന്‍.അതിലെ പ്രാവിന് link ഇടാന്‍ കേഴിക്കോട്ടേ കളിപ്രേമികള്‍ മറന്നതാണ് പ്രിന്റ് മസില് പിടിക്കാന്‍ കാരണം.
ഇപ്പോള്‍ സമയം ഒന്നിനോടടക്കുന്നു. ഇനി പ്രാവിന്റെ link തേടി കോഴിക്കോട്ടെത്തെണം.എന്തായാലും അവരെ ബുദ്ധിമുട്ടിക്കേണ്ട. അവസാനം തല്‍സ്ഥാനത്ത് പുതിയ പ്രവിനെ പ്രതിഷ്ഠിക്കാമെന്ന് തീരുമാനിച്ചു.അങ്ങനെ കഴിഞ്ഞ ആഴ്ചയിലെ പ്രാവിനെ link നല്‍കി പറപ്പിച്ചുനോക്കി.പത്ത് മിനിട്ട് വൈകിയാണെങ്കിലും പ്രാവിനെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഇളം ചൂടുമായി റീല്‍ കറങ്ങിത്തുടങ്ങിയപ്പോളാണ് തൊണ്ടയില്‍ ശ്വാസം ഓടിത്തുടങ്ങിയത്.അല്ലെങ്കില്‍ അന്ന് പലരുടെയും link പോയേനെ...

നമ്മുക്ക് കൊമാനേയോട് മാപ്പാക്കാം





അതുവരെ കൊമാനോ ജപ്പാന്റെ മാത്രമല്ല ഏഷ്യയുടെ തന്നെ വീരപുത്രനായിരുന്നു.ഹീറോയില്‍ നിന്ന് മുടിയാനായ പുത്രനിലേക്ക് അധികം ദൂരം താണ്ടേണ്ടതില്ലെന്ന് ഒരു കളിക്കാരനെ ആരും ചൊല്ലിപഠിപ്പിക്കേണ്ട.അവര്‍ക്ക് മുന്നില്‍ കൊളംമ്പിയന്‍ മാഫിയാസംഘത്തിന്റെ നിറയേറ്റു മരിച്ച വാലന്‍മുടിക്കാരന്‍ എസ്കോബാറുണ്ട്.കൊമാ നോയുടെയും എസ്കോബാറിന്റെയും ജഴ്സി നമ്പര്‍ വലത്തോട്ട് വരചിട്ട മൂന്നായത് വിധിവൈപരീതമാകാം.ഒരു സ്പോട്ട് കിക്കിന്റെ അകലമാണ് ഹോണ്ടയെ കൊള്ളരുതാത്തവനാക്കിയത്.
കൊള്ളിയാന്‍ കണക്കെ ജബുലാനിയെ എതിര്‍പാളയത്തിലെ വലക്കള്ളി കീറിമുറിക്കാന്‍ പറഞ്ഞുവിട്ട കൊമാനോ ജപ്പാന് ക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പാക്കിയതുമുതല്‍ പിന്നീടങ്ങോട്ട് ചരിത്രമായിരുന്നു. മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത് കൊമാനോയുടെ ചാട്ടൂളി. പലരും അതിന്റെ ഗ്രാഫടക്കം വരച്ച് പ്രതിഭയുടെ മുന കൂര്‍മ്പിച്ച് ഉറപ്പുവരുത്തി.ഫ്രീക്കിക്കിലൂടെ അന്ന് രണ്ട് ഗോളാണ് സാമൂറായിക്കാര്‍ വരവുവെച്ചത്. ഫ്രീകിക്ക് ആശാന്‍മാരെന്ന് ലോകം പേരിട്ട് വിളിച്ച 'തുടയന്‍'കാര്‍ലോസിന്റെയും ഉരുക്ക് മനുഷ്യന്‍ ബെക്കാമിന്റെയും കുട്ടത്തില്‍ അന്ന് കൊമാനോയുടെ പേരും എണ്ണാന്‍ ധൈര്യം കാണിച്ച കളിപ്പന്ത് പണ്ഡിതരുണ്ടായി.
പക്ഷേ ക്വാര്‍ട്ടറില്‍ പരാഗ്വയ്ക്കെതിരെ അധികം സമയത്തും ഫലമില്ലാത്തതിനെത്തുടര്‍ന്ന് റഫറി ഷൂട്ടൌട്ടിനായി വിസിലൂതി. അത് അന്ത്യനാളിലേക്കുള്ള കുഴലൂത്തായിരുന്നെങ്കിലെന്ന് കൊമാനോയുടെ മനം ഇപ്പോള്‍ തേടുന്നുണ്ടാകണം. ആദ്യ രണ്ട് കിക്കും ഇരുകൂട്ടരും ലക്ഷ്യത്തിലെത്തിച്ചു. തന്റെ പുറത്ത് വിയര്‍പ്പില്‍ ഒട്ടിക്കിടക്കുന്ന ജഴ്സി നമ്പര്‍ മൂന്നായതാകാം കൊമാനോ എത്തിയത് മുന്നാമനായിട്ടായിരുന്നു.ആ വരവില്‍ തന്നെ എന്തോ പന്തികേട്!ആടിയുലഞ്ഞ് തളര്‍ന്ന കൊമാനോ. മുഖത്ത് ആത്മവിശ്വാസം വരുത്താന്‍ പാട്പെടുന്നത് ആയിരങ്ങളായ കാമറക്കണ്ണുകള്‍ തുറന്നുകാട്ടി. പന്തിനെ ചുമ്പിക്കാനായി എടുത്തപ്പോഴും ആ കണ്ണുകളില്‍ ഭയന്നുവിറച്ച മാന്‍പേടയുടെ വിറയല്‍ കാണാമായിരുന്നു. പ്രതീക്ഷിച്ചത് സംഭവിച്ചു. ഒരു ഭുഖണ്ഡത്തിന്റെ ഹൃദയ മിഢിപ്പ് നിലച്ച നേരം. പന്ത് ബാറിനെ പിടിച്ചു കുലുക്കി ഗാലറിയിലേക്ക് പറന്നു.വലത്തേ ഫ്ലാഗ് കോര്‍ണറില്‍ പരാഗ്വെ താരങ്ങള്‍ ആഹ്ലാദ ഗോപുരം കെട്ടി. പെനാല്‍ട്ടി ബോക്സില്‍ ഏകാകിയായി കോമാനോ. കലങ്ങിയ ആ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണീര്‍ വന്നിരുന്നെങ്കില്‍....ശേഷം കൊമാനോ ഒരു വന്‍കരയുടെ നേര്‍ക്ക് തിരിഞ്ഞു; പച്ചപ്പുല്ലില്‍ മുട്ടുകുത്തി ഇരുകൈകളും കൂപ്പി. പിന്നെ മുട്ടിപ്പായി പ്രാര്‍ഥിച്ചു; കര്‍ത്തവേ,എന്റെ ഈ വിശുദ്ധശരീരത്തില്‍ നിന്ന് അങ്ങെന്റെ ആത്മാവിനെ വിളിച്ചാലും ...

Thursday, July 1, 2010

Friday, June 5, 2009

സന്തോഷ് ട്രോഫി : കേരളത്തിന് പിഴച്ചതെവിടെ ?


63^ാം അധ്യായം സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ പ്രകടനം കോയമ്പത്തൂനിരിനപ്പുറം പോകാത്തതിനാല്‍ നാം ആരെയാണ് പഴിചാരേണ്ടത്?.കളിക്കാര്‍, കോച്ച്, സെലക്ടര്‍ ഇതില്‍ ആരെയാണ് പോസ്റ്റുമോര്‍ട്ടം ടേബിളില്‍ കിടത്തുക?.ടീം കോയമ്പത്തൂരിലേക്ക് വണ്ടി കയറിയപ്പോള്‍ തന്നെ ചരമക്കുറിപ്പ് എഴുതിവെച്ചവരും നമ്മിലുണ്ട്. കുറ്റം ചാര്‍ത്തി പങ്കിട്ടെടുത്താല്‍ പരിഹരിക്കാവുന്ന നഷ്ടമാണോ കോയമ്പത്തൂരിലെ നെഹ്റുസ്റ്റേഡിയത്തില്‍ അവസാന ഇഞ്ച്വറിമിനുട്ടും കഴിഞ്ഞപ്പോള്‍ കൈവിട്ടുപോയത്...കഴിഞ്ഞ തവണ കാശ്മീരില്‍ പിടികൂടിയ 'പ്രീക്വാര്‍ട്ടര്‍ സിന്‍ഡ്രോം'ഇത്തവണയും വിടാതെ പിന്തുടര്‍ന്നു. ഇതുവരെ സെമിയിലായിരുന്നു ഈ പ്രശ്നം. തെറ്റുകള്‍ കൊഞ്ഞനം കുത്തിയാലും പാഠം പഠിക്കില്ലെന്നുവെച്ചാല്‍ വഴിയില്‍ തങ്ങാതെയെത്തുന്നത് രണ്ടും കൈയും നീട്ടി സ്വീകരിക്കുകയേ നിര്‍വാഹമുള്ളൂ. ഓരോ തവണയും സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് വിവാദങ്ങളുടെ ഓലപ്പടക്കങ്ങള്‍ക്ക് തിരിക്കൊളുത്താറുണ്ട്.ഇത്തവണ ടീം തെരഞ്ഞെടുപ്പിലായിരുന്നു ഒച്ചപ്പാട്. അബ്ദുള്‍ ഹക്കീമിനെയും നൌഷാദിനെയും പുറത്തിരുത്തിയതില്‍ പുതുരക്തത്തിന് അവസരമൊരുക്കിയെന്ന ന്യായമാണ് കെ.എഫ്.എ മുന്നോട്ട്വെച്ചത്.ഇത്തവണ പുറത്താകലില്‍ ഉള്ളാലെയെങ്കിലും സന്തോഷിക്കുന്നത് ഹക്കീമും നൌഷാദുമാകും. ഓരോതവണയും ടൂര്‍ണമെന്റ് തുടങ്ങുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് തട്ടിക്കൂട്ടി ടീമുണ്ടാക്കി വണ്ടികയറുന്ന രീതിയാണ് കേരളം തുടരുന്നത്.വിവിധ ടീമുകളിലെ കളിക്കാര്‍ ഒരു സുപ്രഭാതത്തില്‍ ഒരുമിക്കുമ്പോള്‍ താളബോധം വീണ്ടെടുക്കാന്‍ ഇത് തടസമാകും. പലപ്പോഴും പരിശീലനത്തിനായി ഫ്രണ്ട്ലീ മാച്ചിനുപോലും അവസരം കിട്ടാറില്ല. ഇത്തവണ കഷ്ടി ഒരുമാസം ക്യാമ്പിന് ലഭിച്ചെങ്കിലും ടീമിലെ ഒന്നാംകിട കളിക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തന്നെ രണ്ടാഴ്ച പിന്നിട്ടശേഷമാണ്. ടീമിലെ മിക്ക കളിക്കാരും ഐലീഗില്‍ ബൂട്ട് കെട്ടിയവരാണെന്ന് പെരുമ നടിക്കുമ്പോഴും 'ക്ലാസ് കളിക്കാരനായി'ക്യാപ്റ്റന്‍ എന്‍.പി പ്രദീപ് മാത്രമേയുള്ളു. സുശാന്ത് മാത്യുവിനും പ്രദീപിനും മഹീന്ദ്രക്ക് പന്ത് തട്ടി പരിചയമുണ്ട്. സ്ട്രൈക്കര്‍ ബീനീഷ് ടി.ബാലന്‍ ചര്‍ച്ചിലിന്റെ സൈഡ്ബെഞ്ചിലായിരുന്നു പലപ്പോഴും. ബാക്കിയുള്ളവര്‍ വിവാകേരള, മലബാര്‍, ചാന്ദ്നി എഫ്.സി എന്നീ ടീമുകള്‍ക്കായി രണ്ടാം ഡിവിഷന്‍ ലീഗിലിറങ്ങിയവരാണ്. ഇതില്‍ വിവ മാത്രമാണ് കേരളത്തിന് പുറത്ത് പന്ത് തട്ടിയത്. ആദ്യറൌണ്ട് മല്‍സരങ്ങളില്‍ കേരളത്തിന്റെ മികവിനേക്കാള്‍ എതിരാളികള്‍ ദുര്‍ബലരായതാണ് ടീമിന്റെ പ്രീക്വാര്‍ട്ടറിലേക്കുള്ള വഴി എളുപ്പമാക്കിയത്. അതുവരെ കേരളത്തിന്റെ പ്രതിരോധവും ഗോളിയും കാഴ്ച്ചക്കാരായിരുന്നു. കളി അറിയാവുന്നവരുമായി മുട്ടിയപ്പോള്‍ ടീം ശരിക്കും കിതച്ചു. എതിരാളി മഹാരാഷ്ട്ര ആയതിനാല്‍ ആശ്വസിക്കാന്‍ വകുപ്പുണ്ട്. ഐ ലീഗില്‍ കളിച്ച ബറ്റാലിയനുമായാണ് അവര്‍ കേരളത്തിനെതിരെ കൊമ്പുകോര്‍ത്തത്. ക്യാപ്റ്റന്‍ സ്റ്റീവന്‍ ഡയസിന്റെ കീഴില്‍ മഹാരാഷ്ട്ര ടൂര്‍ണമെന്റില്‍ കൂടുതല്‍ മുന്നോട്ടുപോകാനാണ് സാധ്യത. ഇത്തരം വന്‍ കുതിരകളുമായി പോരടിക്കുമ്പോഴാണ് അനുഭവപാരമ്പര്യം ഗുണം ചെയ്യുക. കേരള ടീമിലെ മിക്കവര്‍ക്കും കന്നി സന്തോഷ് ട്രോഫിയായിരുന്നു കോയമ്പത്തൂരിലേത്. അന്യസംസ്ഥാന ക്ലബുകള്‍ക്കായി ബൂട്ട് കെട്ടിയ പല മലയാളി കളിക്കാരെയും നാം ക്യാമ്പിലേക്ക് ക്ഷണിച്ചില്ല. സാല്‍ഗോക്കറില്‍ കളിക്കുന്ന തൃശൂര്‍ സ്വദേശി അനില്‍കുമാര്‍, കേരളത്തിന്റെ മുന്നേറ്റനിരയില്‍ ഇല്ലാത്തത് കനത്ത നഷ്ടമുണ്ടാക്കി. മഹാരാഷ്ട്രക്ക് വേണ്ടി ജഴ്സിയണിഞ്ഞ കൊണ്ടോട്ടിക്കാരന്‍ അനസ് കേരളനിരയിലുണ്ടായിരുന്നെങ്കില്‍ എന്നാശിച്ച കളിക്കാരനാണ്. വിവക്ക് വേണ്ടി കഴിഞ്ഞ സീസണില്‍ ഗംഭീരപ്രകടനം നടത്തിയ കെ.വി.ലാലു, ഷഹബാസ് സലീല്‍ എന്നിവര്‍ ക്യാമ്പില്‍ ചേരാതിരുന്നതും തിരിച്ചടിയായി. ഫുട്ബാള്‍ ടൂര്‍ണമെന്റുകള്‍ അകാലമൃത്യുവരിച്ച കേരളത്തില്‍ ആകെയുള്ള ആശ്രയമായ സെവന്‍സില്‍ കളിച്ചതിന് ആസിഫ് സഹീറും ഒ.കെ.ജാവേദും സസ്പെന്‍ഷനിലായതും ഇരുട്ടടിയായി. ഇനിയെങ്കിലും സ്ഥിരമായ കോച്ച്, ടീം എന്ന കണ്‍സപ്റ്റിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രതിഭാധനരായ ഒട്ടേറെ കളിക്കാരെ രാജ്യത്തിന് സമ്മാനിച്ച സന്തോഷ് ട്രോഫി കുറച്ചുകാലമായി കേരളത്തിന് പേടിസ്വപ്നമായിട്ടുണ്ട്. 2004ല്‍ ദല്‍ഹിയില്‍ കപ്പുയര്‍ത്തിയ ടീം 2006ല്‍ സ്വന്തം നാട്ടില്‍ ഇതേ മഹാരാഷ്ട്രക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. 2007ല്‍ ഗുഡ്ഗാവില്‍ സെമിയില്‍ ട്രൈബേക്കറില്‍ പുറത്തായി. എന്തായാലും കാശ്മീരിലേതുപോലെ കോയമ്പത്തൂരും നാം മലയാളികള്‍ മറക്കാനാകാഗ്രഹിക്കുന്ന വേദിയാകും. ഇനി അടുത്തവര്‍ഷം എല്ലാം ഒന്നില്‍ നിന്നുതന്നെ തുടങ്ങേണ്ടിയിരിക്കുന്നു.