Friday, June 5, 2009
സന്തോഷ് ട്രോഫി : കേരളത്തിന് പിഴച്ചതെവിടെ ?
63^ാം അധ്യായം സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ പ്രകടനം കോയമ്പത്തൂനിരിനപ്പുറം പോകാത്തതിനാല്‍ നാം ആരെയാണ് പഴിചാരേണ്ടത്?.കളിക്കാര്‍, കോച്ച്, സെലക്ടര്‍ ഇതില്‍ ആരെയാണ് പോസ്റ്റുമോര്‍ട്ടം ടേബിളില്‍ കിടത്തുക?.ടീം കോയമ്പത്തൂരിലേക്ക് വണ്ടി കയറിയപ്പോള്‍ തന്നെ ചരമക്കുറിപ്പ് എഴുതിവെച്ചവരും നമ്മിലുണ്ട്. കുറ്റം ചാര്‍ത്തി പങ്കിട്ടെടുത്താല്‍ പരിഹരിക്കാവുന്ന നഷ്ടമാണോ കോയമ്പത്തൂരിലെ നെഹ്റുസ്റ്റേഡിയത്തില്‍ അവസാന ഇഞ്ച്വറിമിനുട്ടും കഴിഞ്ഞപ്പോള്‍ കൈവിട്ടുപോയത്...കഴിഞ്ഞ തവണ കാശ്മീരില്‍ പിടികൂടിയ 'പ്രീക്വാര്‍ട്ടര്‍ സിന്‍ഡ്രോം'ഇത്തവണയും വിടാതെ പിന്തുടര്‍ന്നു. ഇതുവരെ സെമിയിലായിരുന്നു ഈ പ്രശ്നം. തെറ്റുകള്‍ കൊഞ്ഞനം കുത്തിയാലും പാഠം പഠിക്കില്ലെന്നുവെച്ചാല്‍ വഴിയില്‍ തങ്ങാതെയെത്തുന്നത് രണ്ടും കൈയും നീട്ടി സ്വീകരിക്കുകയേ നിര്‍വാഹമുള്ളൂ. ഓരോ തവണയും സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് വിവാദങ്ങളുടെ ഓലപ്പടക്കങ്ങള്‍ക്ക് തിരിക്കൊളുത്താറുണ്ട്.ഇത്തവണ ടീം തെരഞ്ഞെടുപ്പിലായിരുന്നു ഒച്ചപ്പാട്. അബ്ദുള്‍ ഹക്കീമിനെയും നൌഷാദിനെയും പുറത്തിരുത്തിയതില്‍ പുതുരക്തത്തിന് അവസരമൊരുക്കിയെന്ന ന്യായമാണ് കെ.എഫ്.എ മുന്നോട്ട്വെച്ചത്.ഇത്തവണ പുറത്താകലില്‍ ഉള്ളാലെയെങ്കിലും സന്തോഷിക്കുന്നത് ഹക്കീമും നൌഷാദുമാകും. ഓരോതവണയും ടൂര്‍ണമെന്റ് തുടങ്ങുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് തട്ടിക്കൂട്ടി ടീമുണ്ടാക്കി വണ്ടികയറുന്ന രീതിയാണ് കേരളം തുടരുന്നത്.വിവിധ ടീമുകളിലെ കളിക്കാര്‍ ഒരു സുപ്രഭാതത്തില്‍ ഒരുമിക്കുമ്പോള്‍ താളബോധം വീണ്ടെടുക്കാന്‍ ഇത് തടസമാകും. പലപ്പോഴും പരിശീലനത്തിനായി ഫ്രണ്ട്ലീ മാച്ചിനുപോലും അവസരം കിട്ടാറില്ല. ഇത്തവണ കഷ്ടി ഒരുമാസം ക്യാമ്പിന് ലഭിച്ചെങ്കിലും ടീമിലെ ഒന്നാംകിട കളിക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തന്നെ രണ്ടാഴ്ച പിന്നിട്ടശേഷമാണ്. ടീമിലെ മിക്ക കളിക്കാരും ഐലീഗില്‍ ബൂട്ട് കെട്ടിയവരാണെന്ന് പെരുമ നടിക്കുമ്പോഴും 'ക്ലാസ് കളിക്കാരനായി'ക്യാപ്റ്റന്‍ എന്‍.പി പ്രദീപ് മാത്രമേയുള്ളു. സുശാന്ത് മാത്യുവിനും പ്രദീപിനും മഹീന്ദ്രക്ക് പന്ത് തട്ടി പരിചയമുണ്ട്. സ്ട്രൈക്കര്‍ ബീനീഷ് ടി.ബാലന്‍ ചര്‍ച്ചിലിന്റെ സൈഡ്ബെഞ്ചിലായിരുന്നു പലപ്പോഴും. ബാക്കിയുള്ളവര്‍ വിവാകേരള, മലബാര്‍, ചാന്ദ്നി എഫ്.സി എന്നീ ടീമുകള്‍ക്കായി രണ്ടാം ഡിവിഷന്‍ ലീഗിലിറങ്ങിയവരാണ്. ഇതില്‍ വിവ മാത്രമാണ് കേരളത്തിന് പുറത്ത് പന്ത് തട്ടിയത്. ആദ്യറൌണ്ട് മല്‍സരങ്ങളില്‍ കേരളത്തിന്റെ മികവിനേക്കാള്‍ എതിരാളികള്‍ ദുര്‍ബലരായതാണ് ടീമിന്റെ പ്രീക്വാര്‍ട്ടറിലേക്കുള്ള വഴി എളുപ്പമാക്കിയത്. അതുവരെ കേരളത്തിന്റെ പ്രതിരോധവും ഗോളിയും കാഴ്ച്ചക്കാരായിരുന്നു. കളി അറിയാവുന്നവരുമായി മുട്ടിയപ്പോള്‍ ടീം ശരിക്കും കിതച്ചു. എതിരാളി മഹാരാഷ്ട്ര ആയതിനാല്‍ ആശ്വസിക്കാന്‍ വകുപ്പുണ്ട്. ഐ ലീഗില്‍ കളിച്ച ബറ്റാലിയനുമായാണ് അവര്‍ കേരളത്തിനെതിരെ കൊമ്പുകോര്‍ത്തത്. ക്യാപ്റ്റന്‍ സ്റ്റീവന്‍ ഡയസിന്റെ കീഴില്‍ മഹാരാഷ്ട്ര ടൂര്‍ണമെന്റില്‍ കൂടുതല്‍ മുന്നോട്ടുപോകാനാണ് സാധ്യത. ഇത്തരം വന്‍ കുതിരകളുമായി പോരടിക്കുമ്പോഴാണ് അനുഭവപാരമ്പര്യം ഗുണം ചെയ്യുക. കേരള ടീമിലെ മിക്കവര്‍ക്കും കന്നി സന്തോഷ് ട്രോഫിയായിരുന്നു കോയമ്പത്തൂരിലേത്. അന്യസംസ്ഥാന ക്ലബുകള്‍ക്കായി ബൂട്ട് കെട്ടിയ പല മലയാളി കളിക്കാരെയും നാം ക്യാമ്പിലേക്ക് ക്ഷണിച്ചില്ല. സാല്‍ഗോക്കറില്‍ കളിക്കുന്ന തൃശൂര്‍ സ്വദേശി അനില്‍കുമാര്‍, കേരളത്തിന്റെ മുന്നേറ്റനിരയില്‍ ഇല്ലാത്തത് കനത്ത നഷ്ടമുണ്ടാക്കി. മഹാരാഷ്ട്രക്ക് വേണ്ടി ജഴ്സിയണിഞ്ഞ കൊണ്ടോട്ടിക്കാരന്‍ അനസ് കേരളനിരയിലുണ്ടായിരുന്നെങ്കില്‍ എന്നാശിച്ച കളിക്കാരനാണ്. വിവക്ക് വേണ്ടി കഴിഞ്ഞ സീസണില്‍ ഗംഭീരപ്രകടനം നടത്തിയ കെ.വി.ലാലു, ഷഹബാസ് സലീല്‍ എന്നിവര്‍ ക്യാമ്പില്‍ ചേരാതിരുന്നതും തിരിച്ചടിയായി. ഫുട്ബാള്‍ ടൂര്‍ണമെന്റുകള്‍ അകാലമൃത്യുവരിച്ച കേരളത്തില്‍ ആകെയുള്ള ആശ്രയമായ സെവന്‍സില്‍ കളിച്ചതിന് ആസിഫ് സഹീറും ഒ.കെ.ജാവേദും സസ്പെന്‍ഷനിലായതും ഇരുട്ടടിയായി. ഇനിയെങ്കിലും സ്ഥിരമായ കോച്ച്, ടീം എന്ന കണ്‍സപ്റ്റിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രതിഭാധനരായ ഒട്ടേറെ കളിക്കാരെ രാജ്യത്തിന് സമ്മാനിച്ച സന്തോഷ് ട്രോഫി കുറച്ചുകാലമായി കേരളത്തിന് പേടിസ്വപ്നമായിട്ടുണ്ട്. 2004ല്‍ ദല്‍ഹിയില്‍ കപ്പുയര്‍ത്തിയ ടീം 2006ല്‍ സ്വന്തം നാട്ടില്‍ ഇതേ മഹാരാഷ്ട്രക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. 2007ല്‍ ഗുഡ്ഗാവില്‍ സെമിയില്‍ ട്രൈബേക്കറില്‍ പുറത്തായി. എന്തായാലും കാശ്മീരിലേതുപോലെ കോയമ്പത്തൂരും നാം മലയാളികള്‍ മറക്കാനാകാഗ്രഹിക്കുന്ന വേദിയാകും. ഇനി അടുത്തവര്‍ഷം എല്ലാം ഒന്നില്‍ നിന്നുതന്നെ തുടങ്ങേണ്ടിയിരിക്കുന്നു.
Subscribe to:
Posts (Atom)