Friday, July 30, 2010

'പൈസ താ സേട്ടാ'


ഇന്നത്തെ യാത്രയിലും ഞാനവളെ കണ്ടു. തൊണ്ടപൊട്ടുമാര്‍ച്ചുത്തില്‍ അവള്‍ പാടുന്ന 'തുംസെമില്ലേ കിത്തേ മന്നാഹെ'ക്ക് കൂടെയുള്ള കിളവന്‍ ഹാര്‍മോണീയം മീട്ടുന്നുണ്ട്. ഇടയ്ക്ക് ശ്രുതി പിഴയ്ക്കുന്നുണ്ടെങ്കിലും യാത്രക്കാര്‍ മുഴുവന്‍ തുടയില്‍ താളം പിടിക്കുകയാണ്.
വിശപ്പകറ്റാനുള്ള കരച്ചിലാണത്.ഗുരുവായൂര്‍ പാസഞ്ചറിലെ സ്ഥിരം ഗായികയാണ് ഈ പെണ്‍കുട്ടി. എനിക്കീ പ്രായത്തില്‍ അനുജത്തി ഉണ്ടായിരുന്നെങ്കില്‍ അവളിപ്പോള്‍ ആറിലോ ഏഴിലോ പഠിക്കുന്നുണ്ടാകണം. സീസണ്‍ പാസഞ്ചേഴ്സിന്റെ വെടിപറച്ചിലുകള്‍ ഈ സമയം നിശ്ചലമാകും. സ്ഥിരം കുറ്റിയാണെങ്കിലും ഇവള്‍ക്ക് നാണയത്തുട്ടുകള്‍ നല്‍കാന്‍ മിക്കവരും കീശപരതും.യാത്രക്കാര്‍ക്ക് മുന്നില്‍ നീട്ടിയ കൈകളുമായി മിനിട്ടുകളോളം തമ്പടിക്കുന്ന സ്വഭാവക്കാരിയല്ലിവള്‍. യാത്രക്കാരുടെ മുഖത്ത് നോക്കിയാണ് പൈസ കൈപ്പറ്റല്‍ . അവര്‍ക്കറിയാം ആരൊക്കെയാണ് തന്റെ വിശപ്പടക്കുകയെന്ന്. ഇതിനിടെ തന്റെ മുന്നിലെത്തുന്ന ഈ പാവം പിടിച്ച പെണ്‍കുട്ടിയ പുച്ഛത്തോടെ ആട്ടിപ്പായിക്കുന്നവരും ഇല്ലാതില്ല. പക്ഷെ ഇവള്‍ നടന്നകന്നാലും ട്രെയിനിന്റെ മുരള്‍ച്ചയെ കീഴ്പ്പെടുത്തി ചെവികളിലെത്തുന്ന 'തുംസെ മില്ലെ'ക്കൊപ്പം താളമീട്ടാന്‍ കൈതട്ടിമാറ്റിയവരുടെ വിരലുകളും ഉണ്ടാകും.
ഇന്നും അവളുടെ കൈ ഊഴം കഴിഞ്ഞ് എന്റെ അടുത്തെത്തി. എന്റെ മുഖത്തേക്കായിരുന്നില്ല അവളുടെ നോട്ടം. തിന്നുകഴിഞ്ഞ് പകുതിയായ ലെയ്സിന്റെ പാക്കറ്റ് ഞാനവള്‍ക്കുനേരെ നീട്ടി. എന്റെ മുഖത്തേക്ക് ഒരു നോട്ടമെറിഞ്ഞ് 'പൈസ താ സേട്ടാ'യെന്നവള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കീശയില്‍ കൈയിട്ടെങ്കിലും കൈയ്യില്‍ കനത്തിലൊന്നും തടഞ്ഞില്ല. എ.ടി.എമ്മില്‍ നിന്നെടുത്ത നൂറിന്റെ നോട്ട് അവള്‍ക്ക് കൊടുക്കാനാവില്ലല്ലോ...

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ



ഉറുഗ്വായ് താരം ഡിഗോ ഫോര്‍ലാന്‍ കൊല്‍ക്കത്തയില്‍ എത്തിയിരിക്കുന്നു.പ്രിയപ്പെട്ട മറഡോണ വന്നശേഷം വംഗനാട്ടിലെത്തിയ ലോകോത്തര താരമാകണം ഫോര്‍ലോന്‍. രണ്ടുപേരുടെയും പേരിന്റെ തുടക്കത്തില്‍ ഡിഗോ വന്നതും യാദൃശ്ചികം.
ടെലിവിഷനു മുന്നില്‍ കണ്ണും വായയും തുറന്ന് പാതിരാവിനെ സമ്പന്നമാക്കിയ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഫോര്‍ലോനെ തൊടാന്‍ കിട്ടിയ അവസരമായി ഇതിനെ കാണുക. ഫുട്ബാള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയ പൂച്ചക്കണ്ണന്‍ ഒരു ദിവസം മുഴുവന്‍ അടച്ചിട്ട മുറയില്‍ വിശ്രമത്തിലാണത്രെ. so, നമ്മള്‍ ഉമ്മറപ്പടിയില്‍ കാത്തിരുന്നേപറ്റു. കണ്‍മുന്നില്‍ കാണുന്ന ഫുട്ബാള്‍ ദൈവങ്ങളെ കണ്ട് വിശപ്പടക്കൂ.നമ്മുടെ യൊരുവയറ്റിപിഴപ്പ്. അല്ലേല്‍ ദഹനക്കേട് പിടിക്കും. ഒരു പക്ഷെ, ഉള്ളംകൈയില്‍ നിന്ന് ചോരപൊടിയുവോളം കൈയടിച്ചതിനുള്ള ഉപകാര സ്മരണയാകണം ഈ വരവ്. എന്തായാലും ഫര്‍ലോങ്ങുകള്‍ താണ്ടി ഫോര്‍ലാന്‍ വന്നല്ലോ.thanks forlan.

Monday, July 12, 2010

ഉണ്ണിയേട്ടന്‍


ഉണ്ണിയേട്ടന്‍ ഞങ്ങള്‍ക്കെന്നും അത്ഭുതമായിരുന്നു.ഇത്തരം മനുഷ്യര്‍ മണ്ണില്‍ ജീവിച്ചിരിക്കുന്നതുകൊണ്ടാകം ദൈവം അത്ര പെട്ടെന്ന് ഈ ലോകത്തെ നശിപ്പിക്കാത്തതെന്ന് ഞാന്‍ പലപ്പോഴും ആലോപിച്ചിട്ടുണ്ട്. ജീവിക്കാന്‍ ആവശ്യത്തിന് വകയുണ്ടായിട്ടും മോനും മരുമോളും ഭാര്യയും അടങ്ങുന്ന കുടുംബം മോശമല്ലാത്ത രീതിയില്‍ നാട്ടില്‍ ജീവിച്ചിരുന്നിട്ടും ഉണ്ണിയേട്ടന്‍ ഒറ്റപ്പാലം ഉപേക്ഷിച്ച് ചെട്ടിയങ്ങാടിയിലെത്തുകയായിരുന്നു.എന്നാല്‍ ബന്ധങ്ങള്‍ വലിച്ചെറിഞ്ഞല്ല ഉണ്ണിയേട്ടന്റെ വരവ്. ഉണ്ണിയേട്ടന്‍ അങ്ങനെയാണ്. ആരെയും ആശ്രയിക്കാതെ എന്നാല്‍ എല്ലാവര്‍ക്കും ആശ്രയമായി ഉണ്ണിയേട്ടന്‍ ജീവിച്ചു. ഭാര്യയും മോനും കാണണമെന്നുതോന്നുമ്പോള്‍ ചെട്ടിയങ്ങാടിയിലെ മൂന്നുനില ബില്‍ഡിങ്ങിന്റെ ഗ്രൌണ്ട് ഫ്ലോറിലുള്ള കോണിപ്പടിയുടെ കീഴെ പട്ടികയും പലകയും വെച്ച് കെട്ടിയുണ്ടാക്കിയ മുറിയില്‍ എത്തും. ഏതാനും ചില സംസാരങ്ങളിലൊതുങ്ങും അവരുടെ കൂടിക്കാഴ്ച.
ഈ മൂന്നുനിലകെട്ടിടത്തിന്റെ കാവല്‍ക്കാരനാണ് ഉണ്ണിയേട്ടന്‍. പിന്നെ ഉറക്കം നഷ്ടപ്പെടാന്‍ എന്തെങ്കിലും വേണോ? ഉണ്ണിയേട്ടന്‍ എപ്പോഴും ഉണര്‍ന്നിരിക്കും. മതിമറന്ന് ഉറങ്ങുന്ന രീതി പത്തുപന്ത്രണ്ട് വര്‍ഷമായി ഇല്ല. ഇതിനിടെ കിനാക്കള്‍ പോലും വറ്റിയിരുന്നു. ഉറക്കത്തിലേക്കെങ്ങാനും വഴുതിവീണാല്‍ ഞെട്ടിയുണരുന്ന ഉണ്ണിയേട്ടനെ പലപ്പോഴും കണ്ടിട്ടുണ്ട്. അത്രയ്ക്കും ജാഗ്രത്തായി ഇമവെട്ടാതെ കണ്ണും കാതും തുറന്നുവെച്ച് ഉണ്ണിയേട്ടന്‍ ആ മൂന്നുനിലകെട്ടിടത്തിന് കാവലിരുന്നു.
ഇതിനിടെ നേരമ്പോക്കേന്നോണം ഉണ്ണിയേട്ടന്‍ തന്റെ വീടിനുസമീപം തുറന്ന ചായക്കട സമീപത്തെ കച്ചവടക്കാര്‍ക്കും ചുമട്ടുത്തൊഴിലാളികള്‍ക്കും ആശ്രയമായി. അഞ്ച് രൂപക്ക് ചായയും പരിപ്പുവടയും കിട്ടുന്ന ഭൂമി മലയാളത്തിലെ ഏക ചായക്കട ഉണ്ണിയേട്ടന്റേതാകും. പലപ്പോഴും പൈസ കൊത്താല്‍ പിന്നെ കണക്ക്കൂട്ടാം എന്നാകും മറുപടി. ഇടക്ക് പലപ്പോഴും ഇവിടെ നിന്ന് കഞ്ഞിയു ചമ്മന്തിയും കഴിക്കാനുള്ള ഭാഗ്യവും ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ ഇതിനിടക്ക് ഉണ്ണിയേട്ടന്‍ രോഗിയായത് ആരും അറിഞ്ഞില്ല. എല്ലാവര്‍ക്കും വേണ്ടി ഉറക്കമൊളിച്ച ഉണ്ണിയേട്ടന്‍ വര്‍ഷങ്ങളായിട്ട് ഉറങ്ങിയിട്ടില്ലത്രെ.ന്യൂമോണിയ പിടിച്ച് കിടപ്പിലായ ഉണ്ണിയേട്ടനെ സമീപത്തെ കച്ചവടക്കാര്‍ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നെ മൂന്ന് ദിവസം ഐ.സി.യുവില്‍ കിടന്നു.നാലാം ദിവസം ഡ്യൂട്ടിക്കെത്തിയ ഞങ്ങള്‍ കേള്‍ക്കുന്നത് ഉണ്ണിയേട്ടന്റെ മരണവാര്‍ത്തയാണ്. മരണം കാത്താണ് മൂന്ന് ദിവസം ആശുപത്രിയില്‍ കിടന്നതെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ വയ്യ. സ്ട്രോങ്ങ് ചായ പ്രതീക്ഷിച്ചിരുന്ന ഞങ്ങള്‍ക്ക് പിന്നീടുള്ള ദിവസങ്ങളില്‍ കാണാനായത് തലയണയും വിരിയും ബാക്കിയാക്കി ഉണ്ണിയേട്ടന്റെ ഇട്ടേച്ചുപോയ പ്ലാസ്റ്റിക് കട്ടിലാണ്.

ഫോര്‍ലാന്‍ ദ ഗ്രേറ്റ്


സോക്കര്‍ സിറ്റിയിലെ പച്ചപുല്‍മൈതാനത്ത് പന്തുരളുംമുമ്പ് വാഴ്ത്തപ്പെട്ടവരുടെ കൂട്ടത്തില്‍ എത്ര പരതിയാലും ഫോര്‍ലാന്റെ പേര് കാണില്ല. പ്രശംസയുടെ കണ്ഡഭാരവും പേറി കക്കയും റൂണിയും ആരാധകക്കൂട്ടത്തില്‍ നൃത്തം വെക്കുമ്പോള്‍ ഫോര്‍ലാന്‍ ഹൈ ആള്‍ട്ടിറ്റ്യൂഡില്‍ ആളൊഴിഞ്ഞ പോസ്റ്റില്‍ മഴവില്‍കിക്കിന് മൂര്‍ച്ചക്കൂട്ടുകയായിരുന്നു.ശ്രമം ഫലംകണ്ടു എന്നതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു ഘാനക്കെതിരെ തൊടുത്ത തീയുണ്ട.ഗോള്‍തൂണുകള്‍ക്കു കീഴെ ട്രപ്പീസുകളിക്കാരനെപോലെ പറന്നുനടക്കുന്ന ഗോളി കിങ്ങ്സ്റ്റണിനും പിടികൊടുക്കാതെ പോയ ജബുലാനി നെയ്ലോണ്‍ വല കീറിമുറിച്ച് പുറത്ത്കടക്കുമെന്ന് തോന്നിച്ചു.പിന്നീടത് സാക്ഷാല്‍ ജര്‍മനിക്കെതിരെയും അമേരിക്കക്കെതിരെയും ഒരിക്കല്‍കൂടി ഫുട്ബാള്‍ലോകം കണ്ടു,മൂക്കത്ത് കൈ വെച്ച്. ദൈവമേ നന്ദി! മെസിയിലും റൊണാള്‍ഡോയിലും ദ്രോഗ്ബയിലും മോഹലസ്യപ്പെട്ട ഞങ്ങള്‍ ഭ്രാന്തിന്റെ വക്കിലായിരുന്നു. തക്കസമയത്ത് നീ ആകാശത്ത് നിന്നിറക്കിയ മന്നയും സല്‍വയുമാണ് ഈ ഫോര്‍ലാന്‍. ഈ പൂച്ചക്കണ്ണന്‍ അനുസരണക്കേട് കാണിക്കുന്ന മുടിയെ പിന്നിലേക്ക് വലിച്ച്കെട്ടിയും നിഷ്കളങ്കമായ ചിരിയും സമ്മാനിച്ച് പന്ത് ഗോള്‍വരകടന്ന ശേഷം ഇരുകൈകളും വായുവിലേക്കെറിഞ്ഞ് സഹതാരങ്ങളെ പുല്‍കാനായി സൈഡ്ബെഞ്ച് ലക്ഷ്യമിട്ടുള്ള റിഥത്തോടെയുള്ള ആ ഓട്ടം ആഫ്രിക്കയുടെ ഓര്‍മകളില്‍ മായാത്ത ഫ്രെയ്മാകും.
നമ്മള്‍ പേര്ചൊല്ലിപഠിക്കുന്ന താരകുമാരന്‍മാരില്‍ പലരും ഇളംവെയിലില്‍ പോലും ചിറകറ്റ് വീഴുമ്പോള്‍ തീ തുപ്പുന്ന സൂര്യനു കീഴെ നടുനിവര്‍ത്തി കളിക്കുന്ന ചിലരെ നാം കാണാതിരുന്നു കൂടാ.ലോകത്തിന്റെ കളിമുറ്റത്ത് വിലാസം നഷ്ടപ്പെട്ട ഒരു രാജ്യത്തെ ഒറ്റക്ക് തോളിലേറ്റി, കീറിമുറിക്കാന്‍ വരുന്ന 'സിംഹങ്ങളെയും','ആനക്കൂട്ടത്തെയും','കാളക്കുറ്റന്‍മാരെയും മലര്‍ത്തിയടിച്ച് നെഞ്ച്വിരിച്ച് വിജയശ്രീലാളിതനാകുമ്പോള്‍ അവര്‍ക്ക് വേണ്ടി കൈയടിക്കാത്തവന്റെ കൈ പിന്നെ പൊങ്ങാതിരിക്കട്ടെ!
ഫോര്‍ലാന്‍ ഒരു ജനതയുടെ വികാരമായത് അങ്ങനെയാണ്.ശരാശരി കളിക്കാരനായ സുവാരസുപോലും സഭാകമ്പം ഊരിക്കളഞ്ഞ് നിറഞ്ഞ് തുള്ളാന്‍ തുടങ്ങിയത് ഫോര്‍ലാനില്‍ നിന്ന് ആവേശം കുത്തിവെച്ചാണ്.ക്വാര്‍ട്ടറില്‍ ഘാനക്കെതിരെ എക്സ്ട്രാടൈം അന്ത്യത്തോടടക്കുമ്പോള്‍ ഗോള്‍ വരമ്പില്‍ നിന്ന് പന്ത് കൈകൊണ്ട് തടത്തിട്ട സുവാരസ് ഒരേസമയം ഹീറോയോ വില്ലനോ ആയി.പക്ഷേ അസമാവോ എടുത്ത കിക്ക് ബാറില്‍ തട്ടിതിരിച്ചുവന്നത് വിധിയെന്നുമാത്രം പറഞ്ഞുകൂടാ. അത് മുണ്ടാരിയടിച്ചാലും ഗോള്‍ വരകടക്കില്ലായിരുന്നു. കാരണം യവന ദേവന്‍മാരാണ് അന്ന് ഉറുഗ്വായിക്ക് വേണ്ടി ബൂട്ടുകെട്ടിയത്.ഫോര്‍ലാന് ദൈവലോകം പോലും പിന്തുണ പ്രഖ്യാപിച്ചു എന്നതിന്റെ തെളിവ്. സെമിയില്‍ ജര്‍മനിയോട് കളിച്ച കളി ഫുട്ബാള്‍ പണ്ഡിതര്‍ ഓര്‍ത്തുവെക്കും. മ്യൂളറുടെ ഗോളിന് മറുപടിയായി മിനിറ്റുകള്‍ക്കകമാണ് നിറയൊഴിച്ചത്. അതും എണ്ണം പറഞ്ഞ രണ്ട് ഗോള്‍. അതിലും ഫോര്‍ലാന്‍ ഹൃദയം കൊണ്ട് ഒപ്പിട്ടിരുന്നു. ബോക്സില്‍ നിന്ന് ഗോളിക്ക് ലംമ്പമായി എടുത്ത അതി മനോഹരമായ അക്രോബാറ്റിക് ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയില്‍ കിടന്ന് കിതച്ചു. സെമിര്‍ ഖാദിരി 86^ാം മിനിറ്റില്‍ തപ്പിത്തടഞ്ഞ് ഗോള്‍ കണ്ടെത്തി നീരാളിയെയും ജര്‍മനിയെയും സംരക്ഷിച്ചെങ്കിലും 90^ാം മനിറ്റില്‍ ഫോര്‍ലാന്‍ എടുത്ത ഫ്രീകിക്ക് വരും നൂറ്റാണ്ടിലും ചില്ലിട്ട് ഓര്‍മയില്‍ സൂക്ഷിക്കാന്‍ പോന്നതാണ്. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ജര്‍മന്‍ മതില്‍ 'ചീട്ടുകൊട്ടാരം'പോലെ തകരാതിരുന്നത്്.അപ്പോഴേക്കും യവന ദേവന്‍മാര്‍ ബൂട്ടഴിച്ചിരുന്നു.ഫ്രീകിക്കില്‍ നിന്ന് തുടങ്ങി ഫ്രീകിക്കില്‍ തന്നെ അവസാനിപ്പിച്ച ഫോര്‍ലാന്‍ പിന്നെ വിയര്‍ത്തൊലിച്ച ജഴ്സി പിഴിഞ്ഞ് മുഖംപൊത്തി.

Monday, July 5, 2010

ആസ്യ ടീച്ചര്‍


ആക്സമികമായാണ് ആ മരണ വാര്‍ത്ത കണ്ടത്.ഡെസ്ക്കില്‍ ചരമ വാര്‍ത്തകളുമായി കെട്ടി മറിയുമ്പോള്‍ ഇത്തരം നടുക്കങ്ങള്‍ ഇടിത്തീയായി പതിക്കുന്നത് ഇത് രണ്ടാംതവണയാണ്.അന്ന് എനിക്ക് ജനറല്‍ പേജുകളുടെ ഉത്തരവാദിത്തമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആയുസ് ഒടുങ്ങിയവരുടെ സാമൃാജ്യത്തിലേക്ക് പ്രവേശിക്കേണ്ടി വരാറില്ല. ഇവിടെ തീര്‍ച്ചയായും ഞാന്‍ എത്തിനോക്കുകയായിരുന്നു എന്ന് വേണം പറയാന്‍. ഏതോ അദൃശ്യ ശക്തിയുടെ മൌനാനുവാദത്തോടെ എട്ടാം പേജ് മോണിറ്ററില്‍ പ്രത്യക്ഷപ്പെട്ടതും ഓര്‍മയില്‍ ക്ലാവു പിടിച്ചു തുടങ്ങിയ ചിത്രം തെളിഞ്ഞതും ഒരുമിച്ചാണ്.'ഹജ്ജിന് പോകാന്‍ പോളിയോ എടുത്ത് ശരീരം തളര്‍ന്ന ആസ്യ ടീച്ചര്‍ മരിച്ചു'.ഹെഡിംഗ് വായിച്ചതും പടത്തിലേക്ക് ഒരിക്കല്‍കൂടി എന്റെ കണ്ണുകള്‍ ആഴ്ത്തിയിറക്കി. കൊടിയത്തൂര്‍ പി.ടി.എം.എച്ച്.എസില്‍വെച്ച് 12 വര്‍ഷം മുമ്പ് എനിക്ക് മനുഷ്യന്‍ സാമൂഹ്യജീവിയാണെന്നതും നാനാത്വത്തില്‍ ഏകത്വവുമൊക്കെ ചൊല്ലിത്തന്ന ആസ്യ ടീച്ചറുടെ മുഖമായിരുന്നു അന്ന് അകം നിറയെ.
വാദിറഹ്മയിലെ ജീവിതത്തിനിടയില്‍ ആസ്യ ടീച്ചര്‍ എനിക്ക് ആവേശവും ആശ്വാസവുമായിരുന്നു.നിര്‍ഭാഗ്യവശാല്‍ 'അണ്ണാച്ചി'എന്ന അപരനാമത്തിലാണ് ടീച്ചറെക്കുറിച്ച് ഞാന്‍ കേള്‍ക്കാന്‍ തുടങ്ങുന്നത്. കൊടിയത്തൂര്‍ പോലുള്ള ' ഇസ്ലാമിക' ഗ്രാമങ്ങളില്‍ ഹിജാബും കൈമുഴുവന്‍ മറയുന്ന ബ്ലൌസും ധരിക്കാത്ത ആസ്യടീച്ചര്‍ അവര്‍ക്ക് നികൃഷ്ട ജീവിയായിരുന്നു. തെല്ല് അത്ഭുതത്തോടെയാണ് ടീച്ചറെ അന്നാട്ടുകാര്‍ വരവേറ്റത്. പക്ഷേ 'ജാഹിലിയ്യാ' നാട്ടില്‍ നിന്ന് കുറുക്കന്‍ തടായിയിലെത്തിയ ഞാന്‍ സ്വന്തം നാട്ടുകാരിയായാണ് ടീച്ചറെ കാണുന്നത്. സത്യത്തില്‍ ടീച്ചറിന്റെ പിറന്ന മണ്ണ് ഇന്നും എനിക്ക് അജ്ഞാതമാണ്. പലപ്പോഴും ചോദിക്കണമെന്ന് കരുതിയിട്ടും നാവ് പൊക്കാന്‍ ധൈര്യം വന്നില്ല.
പി.ടി.എം.എച്ച്.എസിലെ അതികായര്‍ വാഴുന്ന 10 ഇയില്‍ നാലാമത്തെ ബഞ്ചില്‍ ഇടത്തേയറ്റത്താണ് എന്റെ സ്ഥാനം. കഴുത്തിന് ഭാരമായി ക്ലാസ് ലീഡര്‍ പദവിയും കൂടെയുണ്ട്.'മണ്ടന്‍മൂല'യില്‍ തൊമ്മന്‍ ഞാനായിരുന്നു. സ്വാഭാവികമായും ടീച്ചറുമായി അടുക്കുന്നത് അങ്ങനെയാണ്. ഉച്ചകഴിഞ്ഞുള്ള മയക്കത്തിനിടെ സാമൂഹ്യപാഠം പിരിയഡില്‍ ചോദ്യവുമായി ടീച്ചര്‍ വരുമ്പോള്‍ ഞാനാകെ കോരിത്തരിക്കും. ഈസി ക്വസ്റ്റ്യന്‍ ചോദിക്കണേ എന്നാകും പ്രാര്‍ഥന. ഉത്തരം മുട്ടിയാല്‍ ഉള്ളംകയ്യില്‍ വീഴുന്ന വടിയെ ഓര്‍ത്തല്ല പേടി. നാണക്കേടാണ്. അല്ലെങ്കിലും ടീച്ചറുടെ ചൂരല്‍ കഷായത്തിന് മധുരമാണ്. പക്ഷേ നാണക്കേടിന്റെ കയ്പ് എത്ര കഴുകിയാലും നാവിന്‍ തുമ്പത്ത് പറ്റിപ്പിടിച്ചിരിക്കും. മിക്കപ്പോഴൂം ശരിയുത്തരം പറയാന്‍ കഴിഞ്ഞത് ടീച്ചര്‍ക്ക് എന്നോടുള്ള മതിപ്പ് കൂട്ടാന്‍ കാരണമായി. ഞാന്‍ യത്തീമാണെന്നും വീട് ആലുവായാണെന്നുമൊക്കെ അറിഞ്ഞപ്പോള്‍ കൂടുതല്‍ വാല്‍സല്യമായി.ശേഷം എന്നെ ആലുവക്കാരനെന്നേ വിളിക്കൂ. ഇടക്ക് പലപ്പോഴും വീട്ടിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അപകര്‍ഷബോധവും ഭീരുത്വവും പറങ്കിമാവിനും പാറക്കൂട്ടങ്ങള്‍ക്കുമിടയിലുള്ള ടീച്ചറിന്റെ വീട്ടിലേക്കുള്ള എന്റെ വഴി മുടക്കി.
നീണ്ട അവധി ദിനങ്ങള്‍ക്കേ ഞാന്‍ വീട്ടില്‍ പോയിരുന്നുള്ളു. മടങ്ങി വന്നാല്‍ വിശേഷങ്ങള്‍ ചോദിക്കുന്ന ടീച്ചര്‍ എനിക്ക് അത്ഭുതമായിരുന്നു. അവസാനമായി സെന്‍ഡ് ഓഫ് ദിനത്തില്‍ ടീച്ചറോട് യാത്ര ചോദിക്കുമ്പോള്‍ എന്റെ ഉള്ളം ഇരുണ്ടിരുന്നു. നല്ല നിലയിലെത്തിയാലും ആസ്യടീച്ചറെയൊന്നും മറക്കരുതെന്ന് പറഞ്ഞ ടീച്ചറിന്റെ വാക്കുകള്‍ ഇപ്പോഴും ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്താറുണ്ട്. 'വാദിറഹ്മയില്‍ വരുമ്പോള്‍ വീട്ടില്‍ വരണം'എന്ന് ആവശ്യപ്പെട്ടെങ്കിലും പലപ്പോഴും തടായിക്കുന്ന് കയറിയിട്ടും ടീച്ചറിന്റെ താഴ്വരയിലേക്ക് ഇറങ്ങാന്‍ മനസ്സ് അനവദിച്ചില്ല. ഇതിനിടയില്‍ ടീച്ചര്‍ തളര്‍ന്നതും എവിടെനിന്നോ എന്റെ ചെവിയിലെത്തിയിരുന്നു. പക്ഷേ ആ കിടപ്പ് മരണത്തിലേക്കുള്ള വഴിയായിരുന്നുവെന്ന് കരുതിയില്ല. ഇതിനിടയില്‍ എപ്പോഴെങ്കിലും ടീച്ചര്‍ എന്നെ ഓര്‍ത്തിരുന്നോ എന്നെനിക്കുറപ്പില്ല. അനേകായിരം ശിഷ്യരില്‍ ഈ മുഖം അത്രപ്പെട്ടെന്ന് മറക്കുമെന്നും ഞാന്‍ വിശ്വസിക്കില്ല. ഇടക്ക് പലപ്പോഴും കത്തയക്കണമെന്നും വിളിക്കണമെന്നുമൊക്കെ കരുതിയെങ്കിലും മരണത്തിന്റെ വിളിക്ക് മുമ്പില്‍ എന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു.

Sunday, July 4, 2010

കാളക്കൂറ്റന്‍മാര്‍





മാഡ്രിഡ് ഫുട്ബാളിന്റെ കര്‍മഭൂമിയാണ്. സാവോപോളോയിലെയും ബ്യൂണസ് അയേഴ്സിലെയും നവജാതശിശുക്കള്‍ക്ക് ഫുട്ബാളിന്റെ മായിക ചലനമാണ് പിച്ചവെക്കാന്‍ കാലുകള്‍ക്ക് ബലമേകുന്നതെങ്കില്‍ മാഡ്രിഡിലെ പൈതലുകളുടെ സഹവാസം ഭൂഗോളത്തിലെ ഫുട്ബാള്‍ ദൈവങ്ങള്‍ക്കൊപ്പമാണ്. അവരുടെ കൌമാരം സ്വദേശികളും 'വരുത്തന്‍മാരുമായ' കാല്‍പന്തിലെ തമ്പുരാക്കന്‍മാര്‍ക്കിടയിലാകും.ലോകത്തെ ഏറ്റവും വിലയുള്ള ബൂട്ടിട്ട കാലുകളാണ് അവരെ പുല്‍മൈതാനങ്ങളിലെ അതിര്‍ത്തികളില്ലാത്ത ലോകത്തേക്ക് സ്വാഗതം ചെയ്യുക. ഫുട്ബാളിനോടുള്ള ഈ അടങ്ങാത്ത ആവേശം മറ്റൊരു രീതിയില്‍ ഞാന്‍ കൊല്‍ക്കത്തയില്‍ കണ്ടിട്ടുണ്ട്. ലോക ഫുട്ബാളിന്റെ ഭൂപടത്തില്‍ കയറിപ്പറ്റാനാകാതെ മലര്‍ന്നടിച്ചുവീണ നമ്മുടെ രാജ്യത്തെ ഫുട്ബാള്‍ പ്രണയിനികളുടെ കാര്യം ഇതെങ്കില്‍ മാഡ്രിഡിലെ ഫുട്ബാള്‍ ഭ്രാന്ത് ഊഹിക്കാവുന്നതല്ലേയുള്ളൂ. അതും ഇതിഹാസങ്ങള്‍ കൈയെത്തും ദൂരത്ത് പന്ത് തട്ടുമ്പോള്‍...


സ്പാനിഷ് ലീഗ് =
സ്പെയിന്‍

റയല്‍ മാഡ്രിഡ്,ബാഴ്സലോണ,വിയ്യാറയല്‍, അത്ലറ്റികോ മാഡ്രിഡ്,വലന്‍സിയ സ്പാനിഷ് ലീഗിലെ ഈ അതികായന്‍മാരെ അണിനിരത്തിയാല്‍ സ്പെയിന്‍ എന്ന ദേശിയ ടീമായി. ഫുട്ബാളിലെ 'ജീവവായു' കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് ഷെയര്‍മാര്‍ക്കറ്റ് ഇടിയുകയും ഉയരുകയും ചെയ്യുന്ന രാജ്യമാണ് സ്പെയിന്‍ എന്നോര്‍ക്കണം. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങള്‍ വന്നടിയുന്ന ലീഗാണ് അവരുടേത്. അവരോടൊപ്പം ഉണ്ടും ഉറങ്ങിയും കൊണ്ടും കൊടുത്തും കളിച്ചവരാണ് സ്പെയിനിലെ മിക്ക കളിക്കാരും. രണ്ടുപേര്‍ മാത്രമേ സ്പെയിനിനു പുറത്ത് പന്ത് തട്ടുന്നവരായുള്ളൂ. ലിവര്‍പൂളിന്റെ ഒമ്പതാംനമ്പര്‍താരം ഫെര്‍ണാണ്ടോ ടോറസും ആര്‍സണലിന്റെ മിഡ്ഫീല്‍ഡര്‍ ജനറല്‍ ഫാബ്രിഗാസും. ബാക്കി സൈഡ് ബെഞ്ചിലിരിക്കുന്ന 'ദൈവങ്ങള്‍' ഉള്‍പ്പെടെയുള്ളവര്‍ സ്വന്തം നാട്ടിലെ വിവിധ ക്ലബുകള്‍ക്കായി ബൂട്ടുകെട്ടുന്നവരാണ്. സ്പെയിനിന് ഏറ്റവും അനുകൂലമായി കാണുന്ന ഘടകം ഇതാണ്. മിക്കവാറും ഒരേ ശൈലിയില്‍ പന്തുതട്ടുന്നവരായതിനാല്‍ കോച്ച് സ്വദേശി തന്നെയായ വിസെന്റ് ദെല്‍ബോസ്ക് ഗോണ്‍സെയ്ലിസിന് കാര്യങ്ങള്‍ എളുപ്പമായി. ഇത്തരം ഘട്ടങ്ങളില്‍ ടീം കോച്ച് അനുഭവിക്കുന്ന സമ്മര്‍ദം കളിക്കാരനും കോച്ചെന്ന നിലയിലും എനിക്ക് ഊഹിക്കാനാകും. വ്യത്യസ്ത ക്ലബുകളില്‍ കളിക്കുന്ന ഇവരെ രാജ്യത്തിനുവേണ്ടി ബാലന്‍സ്ഡ് ടീം ആക്കി മാറ്റിയെടുക്കേണ്ട റിസ്കേ ഗോണ്‍സെയ്ലിസിനുള്ളൂ. അതിനൊക്കെ പുറമെ കളിക്കാരില്‍ ആത്മവിശ്വാസം വളര്‍ത്തുകയാണ് പ്രധാനം. എന്റെ കരിയറില്‍ ഞാന്‍ കൂടുതല്‍ മുന്‍ഗണന നല്‍കിയത് ഈയൊരു ഘടകത്തിനാണ്. ഈ രണ്ടുകാര്യങ്ങളില്‍ ഗോണ്‍സെയ്ലിസ് വിജയം കണ്ടാല്‍ ഫിഫ കപ്പ് മാഡ്രിഡിലെ ഷോക്കേഴ്സില്‍ വിശ്രമിക്കും.


റാങ്കിംഗില്‍ ഒന്നാമത്
അര്‍ജന്റീനയോ
ബ്രസീലോ അല്ല ...

നിലവിലെ ഫോമില്‍ ഈ കാളക്കൂറ്റന്‍മാരെ ആര്‍ക്കാണ് പിടിച്ചുകെട്ടാനാവുക? 2007 ^മുതല്‍ നടന്ന 35 അന്തരാഷ്ട്ര മല്‍സരങ്ങളില്‍ ഒന്നില്‍പോലും ഈ രാജ്യം തോല്‍വിയറിഞ്ഞിട്ടില്ല. സമനിലയില്‍ പിരിഞ്ഞ രണ്ടുമല്‍സരത്തില്‍ ഒന്ന് സാക്ഷാല്‍ ബ്രസീലിനോടാണെന്നറിയുമ്പോഴേ സ്പെയിനിന്റെ കുതിപ്പ് അളക്കാനാകൂ. ഇവര്‍ കെട്ടുകെട്ടിച്ചവരില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ ഇറ്റലി, ജര്‍മനി, ഇംഗ്ലണ്ട് തുടങ്ങിയ കൊലകൊമ്പന്‍മാരും പെടും. ഒരുകാര്യം നമ്മള്‍ മനസ്സിലാക്കണം ,ഇന്ന് ലോക ഫുട്ബാള്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ളത് അര്‍ജന്റീനയോ ബ്രസീലോ ഇറ്റലിയോ അല്ല ഐകര്‍ കാസിയാസ് നയിക്കുന്ന ഈ ചുള്ളന്‍സംഘമാണ്. എല്ലാ വേള്‍ഡ് കപ്പിലും ആരംഭശൂരത്വവും പേറി മലപോലെവന്ന് എലിയായി മടങ്ങുന്ന സ്പെയിനിനെയാണ് നാം കാണാറുള്ളത്. എന്നാല്‍, ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അത്രക്ക് കെട്ടുറപ്പുള്ള ടീമാണ് അവരുടേത്. ദക്ഷിണാഫ്രിക്കയില്‍ അത് നേടിയില്ലെങ്കില്‍ പിന്നെ എന്ന് എന്ന ചോദ്യം മാത്രമേ ബാക്കിയാവുന്നുള്ളൂ. ഇനി സ്പാനിഷ് ദുരന്തം ആവര്‍ത്തിക്കുകയാണെങ്കില്‍ അവരൊഴുക്കുന്ന കണ്ണീര്‍ വര്‍ഷങ്ങളോളം തുടരും. 1986ല്‍ സെമിയില്‍ എത്തിയതാണ് ഇവരുടെ ഇതുവരെയുള്ള എടുത്തുപറയാവുന്ന നേട്ടം.
ലോകത്തെ സുപ്രധാന ലീഗ് മല്‍സരങ്ങള്‍ നടക്കുന്ന രാഷ്ട്രങ്ങള്‍ക്കെല്ലാം ലോകകപ്പ് നേടാനായിട്ടും റയലും ബാഴ്സയും രഥമേറുന്ന സ്പെയിനിന് ഫിഫകപ്പ് അന്യം നില്‍ക്കുന്നത് എങ്ങനെ നീതീകരിക്കൂം? ഈ കളങ്കം ഇത്തവണ അവര്‍ കഴുകിക്കളയുമെന്നാണ് എന്റെ ഉറച്ച പ്രതീക്ഷ. അതിന്റെ ശുഭസൂചനയാണ് 2008ലെ യൂറോകപ്പ് വിജയം. എങ്ങനെയെങ്കിലും റിസല്‍റ്റ് ഉണ്ടാക്കുക എന്നതിനപ്പുറം ചേതോഹരമായ ഫുട്ബാള്‍ കളിച്ച് എതിരാളികളുടെ പോലും കൈയടി വാങ്ങി ജയിക്കുന്നതാണ് സ്പെയിനിന്റെ രീതി. കുറിയ പാസുകളില്‍ ഒരേസമയം കളിയുടെ വേഗം കൂട്ടിയും കുറച്ചുമുള്ള സ്പാനിഷ് ശൈലി ദക്ഷിണാഫ്രിക്കയില്‍ ആരാധകരെ സൃഷ്ടിക്കുമെന്നുറപ്പ്.


ഈ ലൈനപ്പ് ഏത്
കോച്ചിനെയാണ്
ഭ്രമിപ്പിക്കാത്തത്?

ചിലി,സ്വിറ്റ്സര്‍ലാന്‍ഡ്,ഹോണ്ടുറാസ് ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് സ്പെയിനിന് രണ്ടാം റൌണ്ടിലെത്തണമെങ്കില്‍ അധികം വിയര്‍ക്കേണ്ടിവരുമെന്ന് തോന്നുന്നില്ല. മഹത്തായ ലക്ഷ്യത്തിലേക്ക് അവര്‍ ഒഴുകി വരുന്നത് കാണേണ്ട കാഴ്ചയാണ്. പോര്‍ക്കളത്തില്‍ ശത്രുപക്ഷത്തെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തി അന്തിമപേരാട്ടത്തില്‍ ലോക ഫുട്ബാളിനെ തങ്ങളുടെ കാല്‍ക്കീഴിലാക്കി കിരീടം മാറോടണക്കാന്‍ സ്പാനിഷ് സംഘം കൌണ്ട്ഡൌണ്‍ തുടങ്ങിക്കഴിഞ്ഞു.
എന്തിനും പോന്ന ലൈനപ്പ് ആണ് ഇവരുടെ ശക്തി. ക്യാപ്റ്റന്റെ ആം റിബണ്‍ അണിയുന്ന 29 കാരന്‍ ഐകര്‍ കാസിയാസ് നേതൃത്വം നല്‍കുന്ന സംഘത്തിലെ അന്തിമ ഇലവനെ തീരുമാനിക്കുക കോച്ചിന് ഒന്നൊന്നര പണിയാകും. ഒരുകാര്യം നമ്മള്‍ ഫുട്ബാള്‍ പ്രേമികള്‍ മറക്കരുത് ,സ്പെയിന്‍ എന്ന രാജ്യത്തെ ഫുട്ബാള്‍ പ്രേമികള്‍ കേട്ടുതുടങ്ങിയത് റൌള്‍ ഗോണ്‍സാലസിലൂടെയാണ്. റയല്‍ ക്യാപ്റ്റനായിരുന്ന റൌളിന് പോലും വേള്‍ഡ് കപ്പ് സ്ക്വാഡില്‍ സീറ്റ് കിട്ടിയില്ലെന്നറിയുക. അത്രക്കുണ്ട് സംഘത്തിലെ പ്രതിഭാ ധാരാളിത്തം.
യൂറോകപ്പില്‍ സ്പെയിനിനെ വിജയത്തിലേക്ക് നയിച്ച കാസിയാസ് രാജ്യത്തിനുവേണ്ടി കോട്ടകാത്ത 82 മാച്ചുകളില്‍ 42എണ്ണത്തിലും കാസിയാസിന്റെ പോസ്റ്റില്‍ പന്തടിച്ചുകയറ്റുന്നതില്‍ എതിരാളികള്‍ പരാജയപ്പെട്ടു. പെനാല്‍ട്ടി തടുക്കുന്നതിലും പേരുകേട്ട കാസിയാസ് റയലിന്റെ ഗോള്‍വല സൂക്ഷിപ്പുകാരാന്‍ കൂടിയാണ്. പ്രതിഭാധനരായ കാര്‍ലോസ് പുയോള്‍, സെര്‍ജിയോ റാമോസ്, മാര്‍ക്കോസ് സെന്ന തുടങ്ങിയവര്‍ തീര്‍ക്കുന്ന പ്രതിരോധത്തില്‍ പെട്ടെന്നൊരു വിള്ളല്‍ വീഴ്ത്തുക അസാധ്യമാകും. ഡിഫന്‍ഡറുടെ എല്ലാ ക്വാളിറ്റിയും സമ്മേളിച്ച പുയോള്‍ ഗോളടിപ്പിക്കുന്നതിലും മിടുക്കനാണ്. സാവി ഹെര്‍ണാണ്ടസ്, ഡേവിഡ് സില്‍വ, ഇനയസ്റ്റ,സാവി അലോണ്‍സോ മധ്യനിര അടക്കിഭരിക്കുന്ന ഈ സംഘം ഏത് കോച്ചിനെയും ഭ്രമിപ്പിക്കും. ഇവര്‍ കൃത്യമായി എത്തിക്കുന്ന പന്ത് വലയിലേക്ക് തിരിച്ചുവിടേണ്ട പണിയെ സ്ട്രൈക്കര്‍മാര്‍ക്കുള്ളൂ. മുന്‍നിരയില്‍ കളിക്കുന്ന ടോറസ്^വിയ സഖ്യത്തില്‍ ആരാണ് മുമ്പന്‍ എന്നതിലേ തര്‍ക്കം വേണ്ടൂ. എതിര്‍ പ്രതിരോധത്തില്‍ ആഞ്ഞടിക്കുന്ന എല്‍നിനോ (ടോറസ്) എതിര്‍ ടീമിന്റെ വേര് ഒറ്റക്ക് പിഴുതെറിയാന്‍ ശക്തിയുള്ളവനാണെന്ന് വിശ്വസിക്കുന്നവര്‍ ഒരുപാടാണ്.എനിക്ക് ആശങ്കയുള്ളത് അദ്ദേഹത്തിന്റെ പരിക്കിലാണ്. ഇപ്പോള്‍ ശത്രുപാളയം അദ്ദേഹത്തിന്റെ പരിക്കില്‍ ആശ്വസിക്കുന്നുണ്ടാകണം. യൂറോകപ്പില്‍ ജര്‍മനിക്കെതിരെ വിജയഗോള്‍ നേടിയ ടോറസ് പരിക്കുമാറി ഗ്രൌണ്ടിലെത്തിയാല്‍ പിടിച്ചുകെട്ടുക ദുഷ്കരമാകും.രണ്ട് ഡിഫന്‍ഡര്‍മാരെ അതിന് ചുമതലപ്പെടുത്തിയാലും അവന്‍ കെട്ടുപൊട്ടിക്കും. ഫ്ലക്സിബിള്‍ പ്ലയറാണവന്‍. 2003ല്‍ ദേശീയ ടീമിലെത്തിയ ഈ സ്വര്‍ണമുടിക്കാരന് ഒരിക്കല്‍പോലും മഞ്ഞയും ചുവപ്പും കലര്‍ന്ന ദേശീയകുപ്പായം അഴിക്കേണ്ടിവന്നിട്ടില്ല. ഏഴുവര്‍ഷം അത്രവലിയ കാലയളവ് അല്ലെങ്കിലും ഇതിനിടയില്‍ തന്റെ അസ്തിത്വം അരക്കിട്ടുറപ്പിക്കുക ശ്രമകരമാണ്. പ്രത്യേകിച്ച് യൂറോപ്പിനെ സംബന്ധിച്ചേടത്തോളം ഓരോ ദിവസവും പ്രതിഭകളായ സ്ട്രൈക്കര്‍മാര്‍ വെളിച്ചം കാണുമ്പോള്‍. നമ്മുടെ നാട്ടിലെ മുന്‍നിരകളിക്കാര്‍ക്ക് പഞ്ഞമുള്ളൂ. എന്നാല്‍ ടോറസിനെക്കാളും അപകടകാരിയാകും വിയ എന്ന് ഫുട്ബാള്‍ മതം വിലയിരുത്തുന്നു. റൌളിനെ പിന്തള്ളി ടീമിലെത്തിയതുമാത്രം മതി വിയയുടെ പ്രതിഭയളക്കാന്‍. കഴിഞ്ഞ യൂറോകപ്പിലെ ടോപ്പ് സ്കോററാണ് ഈ ഗോള്‍ഡന്‍ ബോയി. ക്രിസറ്റ്യാനോ,മെസി,റൂണി ഇവര്‍ക്കൊപ്പം സുവര്‍ണ പന്തിലേക്കുള്ള വഴിയില്‍ വിയയുണ്ടാകുമെന്ന് തീര്‍ച്ച. ദേശീയ ടീമിനായി 54 കളിയില്‍ നിന്ന് 36 ഗോളുകള്‍ വിയ ഇതിനകം സ്വന്തം പേരില്‍ കുറിച്ചു കഴിഞ്ഞു.
22 കാരനായ ഫാബ്രിഗാസാണ് ഗോണ്‍സെയ്ലിസിന്റെ മറ്റൊരു വജ്രായുധം. മധ്യനിരയില്‍ ഫാബ്രിഗാസ് കാല്കൊണ്ട് നെയ്തെടുക്കുന്ന തന്ത്രങ്ങള്‍ക്കനുസരിച്ചാകും കളിയുടെ വേഗം നിയന്ത്രിക്കുക. പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന്റെ ചാട്ടൂളിയായ ഫാബ്രിഗാസിനെ 16ാം വയസ്സിലാണ് ആഴ്സന്‍ വെംഗര്‍ ടീമിലെടുക്കുന്നത്. ചുരുങ്ങിയ പ്രായത്തില്‍ ലോക ഫുട്ബാളിലെ കളിയിടങ്ങളില്‍ തിരുത്താനാവാത്ത വിധം സ്വന്തം വിലാസം എഴുതിച്ചേര്‍ത്ത ഫാബ്രിഗാസില്‍ നിന്ന് നമ്മുക്ക് ഒരുപാട് പ്രതീക്ഷിക്കാം. ചുരുക്കത്തില്‍ ഇത്തവണ സ്പെയിന് എല്ലാം അനുകൂലമാണ്. ക്വാര്‍ട്ടറും സെമിയും കടന്ന് കലാശക്കൊട്ടില്‍ അവര്‍ ബ്രിസീലിനോട് മുട്ടട്ടെ എന്നാണ് എന്റെ ആഗ്രഹം. എങ്കില്‍ എന്നും ഓര്‍ത്തുവെക്കാന്‍ ഇരുണ്ട ഭൂഖണ്ഡം സമ്മാനിക്കുന്ന സമ്മോഹന വിരുന്നാകും അത്.

എന്‍.കെ റിയാസ്

Saturday, July 3, 2010

link ഇല്ലാതെ പ്രാവ് പറന്നപ്പോള്‍...


അന്ന് നേരത്തേ പേജ് ആയതാണ്.ഒരു മണിക്ക് പത്രം അടിക്കണമെന്ന് ന്യൂസ് എഡിറ്ററില്‍ നിന്ന് നിര്‍ദേശം. 12.50^ നെങ്കിലും അവസാനിപ്പിക്കണമെന്ന് കരുതിയാണ് മൌസും ഫയലും കൈയിലെടുത്തത്.കാര്യങ്ങളൊക്കെ കൈയെത്തും ദൂരത്ത് തന്നെയായിരന്നു.
എന്നാല്‍ 12.30 ആയപ്പോള്‍ ഒന്നാംപേജ് കൊലച്ചതിയുമായി നിരാഹാരം തുടങ്ങി. പ്രസില്‍ നിന്ന് കാലന്‍മുജീബിന്റെ കോള്‍.സമയമായി! എവിടെ പേജ്? ''ടാ പേജ് വിട്ടിട്ട് മണിക്കൂറുകളായി, നീ ആദ്യം സിസ്റ്റം ഓപ്പണാക്ക്...'ആര്‍ട്ടിസ്റ്റ് കയര്‍ത്തു. പത്ത് മിനിട്ട് കഴിഞ്ഞ്വീണ്ടും കോള്‍. പേജ് പ്രിന്റ് വിടാനാകുന്നില്ല. പിന്നീട് അവിടെ നടന്ന സമ്മര്‍ദങ്ങള്‍ വരച്ചിടാന്‍ കീബോര്‍ഡിലെ ലെറ്ററുകള്‍ തികയാതെ വരും. ഇവിടെ പടിച്ച പണികളൊക്കെ പയറ്റി. ഞങ്ങള്‍ കൊടും മഴയത്ത് നിന്നും ഇരുന്നും വിയര്‍ക്കുമ്പോള്‍ അവിടെ മദര്‍ ഡസ്കില്‍ അവര്‍ 'ഫ്ലോപ്പന്‍ റൂണിക്കായി' വാതുവെക്കുകയാണ്. (^ഫ്ലാഷ് ബാക്ക് ^അഴകിയ രാവണനില്‍ ശ്രീനിവാസന്‍ മമ്മുട്ടിക്ക് മുന്നില്‍ 'ചിറകൊടിഞ്ഞ കിനാക്കള്‍'വിവരിക്കുമ്പോള്‍ മനസില്‍ തെളിയുന്ന വിഷ്വലുകള്‍ സാക്ഷി!)
അവസാനം കൊച്ചിയില്‍ നിന്ന് സലീംക്കയുടെ സേവനം തേടാമെന്നുറച്ചു.സലീംക്ക ഫോമാകാന്‍ സമയമെടുത്തു. ഉടായിപ്പുകളുടെ ആശാനായതിനാല്‍ ഞങ്ങള്‍ പാമ്പന്‍ പാലത്തെപോലെ സലീമിക്കയില്‍ വിശ്വസിച്ചു. അവസാനം കള്ളന്‍ പേജില്‍ തന്നെയുണ്ടെന്ന് മനസ്സിലായി. അന്ന് പത്രം അഡീഷ്ണല്‍ കോപ്പി അടിക്കുന്നതിനാല്‍ പബ്ലിഷറുടെ കുറിപ്പ് കൊടുത്ത കോളത്തിലെ എംബ്ലമാണ് പ്രശ്നക്കാരന്‍.അതിലെ പ്രാവിന് link ഇടാന്‍ കേഴിക്കോട്ടേ കളിപ്രേമികള്‍ മറന്നതാണ് പ്രിന്റ് മസില് പിടിക്കാന്‍ കാരണം.
ഇപ്പോള്‍ സമയം ഒന്നിനോടടക്കുന്നു. ഇനി പ്രാവിന്റെ link തേടി കോഴിക്കോട്ടെത്തെണം.എന്തായാലും അവരെ ബുദ്ധിമുട്ടിക്കേണ്ട. അവസാനം തല്‍സ്ഥാനത്ത് പുതിയ പ്രവിനെ പ്രതിഷ്ഠിക്കാമെന്ന് തീരുമാനിച്ചു.അങ്ങനെ കഴിഞ്ഞ ആഴ്ചയിലെ പ്രാവിനെ link നല്‍കി പറപ്പിച്ചുനോക്കി.പത്ത് മിനിട്ട് വൈകിയാണെങ്കിലും പ്രാവിനെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഇളം ചൂടുമായി റീല്‍ കറങ്ങിത്തുടങ്ങിയപ്പോളാണ് തൊണ്ടയില്‍ ശ്വാസം ഓടിത്തുടങ്ങിയത്.അല്ലെങ്കില്‍ അന്ന് പലരുടെയും link പോയേനെ...

നമ്മുക്ക് കൊമാനേയോട് മാപ്പാക്കാം





അതുവരെ കൊമാനോ ജപ്പാന്റെ മാത്രമല്ല ഏഷ്യയുടെ തന്നെ വീരപുത്രനായിരുന്നു.ഹീറോയില്‍ നിന്ന് മുടിയാനായ പുത്രനിലേക്ക് അധികം ദൂരം താണ്ടേണ്ടതില്ലെന്ന് ഒരു കളിക്കാരനെ ആരും ചൊല്ലിപഠിപ്പിക്കേണ്ട.അവര്‍ക്ക് മുന്നില്‍ കൊളംമ്പിയന്‍ മാഫിയാസംഘത്തിന്റെ നിറയേറ്റു മരിച്ച വാലന്‍മുടിക്കാരന്‍ എസ്കോബാറുണ്ട്.കൊമാ നോയുടെയും എസ്കോബാറിന്റെയും ജഴ്സി നമ്പര്‍ വലത്തോട്ട് വരചിട്ട മൂന്നായത് വിധിവൈപരീതമാകാം.ഒരു സ്പോട്ട് കിക്കിന്റെ അകലമാണ് ഹോണ്ടയെ കൊള്ളരുതാത്തവനാക്കിയത്.
കൊള്ളിയാന്‍ കണക്കെ ജബുലാനിയെ എതിര്‍പാളയത്തിലെ വലക്കള്ളി കീറിമുറിക്കാന്‍ പറഞ്ഞുവിട്ട കൊമാനോ ജപ്പാന് ക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പാക്കിയതുമുതല്‍ പിന്നീടങ്ങോട്ട് ചരിത്രമായിരുന്നു. മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത് കൊമാനോയുടെ ചാട്ടൂളി. പലരും അതിന്റെ ഗ്രാഫടക്കം വരച്ച് പ്രതിഭയുടെ മുന കൂര്‍മ്പിച്ച് ഉറപ്പുവരുത്തി.ഫ്രീക്കിക്കിലൂടെ അന്ന് രണ്ട് ഗോളാണ് സാമൂറായിക്കാര്‍ വരവുവെച്ചത്. ഫ്രീകിക്ക് ആശാന്‍മാരെന്ന് ലോകം പേരിട്ട് വിളിച്ച 'തുടയന്‍'കാര്‍ലോസിന്റെയും ഉരുക്ക് മനുഷ്യന്‍ ബെക്കാമിന്റെയും കുട്ടത്തില്‍ അന്ന് കൊമാനോയുടെ പേരും എണ്ണാന്‍ ധൈര്യം കാണിച്ച കളിപ്പന്ത് പണ്ഡിതരുണ്ടായി.
പക്ഷേ ക്വാര്‍ട്ടറില്‍ പരാഗ്വയ്ക്കെതിരെ അധികം സമയത്തും ഫലമില്ലാത്തതിനെത്തുടര്‍ന്ന് റഫറി ഷൂട്ടൌട്ടിനായി വിസിലൂതി. അത് അന്ത്യനാളിലേക്കുള്ള കുഴലൂത്തായിരുന്നെങ്കിലെന്ന് കൊമാനോയുടെ മനം ഇപ്പോള്‍ തേടുന്നുണ്ടാകണം. ആദ്യ രണ്ട് കിക്കും ഇരുകൂട്ടരും ലക്ഷ്യത്തിലെത്തിച്ചു. തന്റെ പുറത്ത് വിയര്‍പ്പില്‍ ഒട്ടിക്കിടക്കുന്ന ജഴ്സി നമ്പര്‍ മൂന്നായതാകാം കൊമാനോ എത്തിയത് മുന്നാമനായിട്ടായിരുന്നു.ആ വരവില്‍ തന്നെ എന്തോ പന്തികേട്!ആടിയുലഞ്ഞ് തളര്‍ന്ന കൊമാനോ. മുഖത്ത് ആത്മവിശ്വാസം വരുത്താന്‍ പാട്പെടുന്നത് ആയിരങ്ങളായ കാമറക്കണ്ണുകള്‍ തുറന്നുകാട്ടി. പന്തിനെ ചുമ്പിക്കാനായി എടുത്തപ്പോഴും ആ കണ്ണുകളില്‍ ഭയന്നുവിറച്ച മാന്‍പേടയുടെ വിറയല്‍ കാണാമായിരുന്നു. പ്രതീക്ഷിച്ചത് സംഭവിച്ചു. ഒരു ഭുഖണ്ഡത്തിന്റെ ഹൃദയ മിഢിപ്പ് നിലച്ച നേരം. പന്ത് ബാറിനെ പിടിച്ചു കുലുക്കി ഗാലറിയിലേക്ക് പറന്നു.വലത്തേ ഫ്ലാഗ് കോര്‍ണറില്‍ പരാഗ്വെ താരങ്ങള്‍ ആഹ്ലാദ ഗോപുരം കെട്ടി. പെനാല്‍ട്ടി ബോക്സില്‍ ഏകാകിയായി കോമാനോ. കലങ്ങിയ ആ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണീര്‍ വന്നിരുന്നെങ്കില്‍....ശേഷം കൊമാനോ ഒരു വന്‍കരയുടെ നേര്‍ക്ക് തിരിഞ്ഞു; പച്ചപ്പുല്ലില്‍ മുട്ടുകുത്തി ഇരുകൈകളും കൂപ്പി. പിന്നെ മുട്ടിപ്പായി പ്രാര്‍ഥിച്ചു; കര്‍ത്തവേ,എന്റെ ഈ വിശുദ്ധശരീരത്തില്‍ നിന്ന് അങ്ങെന്റെ ആത്മാവിനെ വിളിച്ചാലും ...

Thursday, July 1, 2010