Sunday, July 4, 2010

കാളക്കൂറ്റന്‍മാര്‍

മാഡ്രിഡ് ഫുട്ബാളിന്റെ കര്‍മഭൂമിയാണ്. സാവോപോളോയിലെയും ബ്യൂണസ് അയേഴ്സിലെയും നവജാതശിശുക്കള്‍ക്ക് ഫുട്ബാളിന്റെ മായിക ചലനമാണ് പിച്ചവെക്കാന്‍ കാലുകള്‍ക്ക് ബലമേകുന്നതെങ്കില്‍ മാഡ്രിഡിലെ പൈതലുകളുടെ സഹവാസം ഭൂഗോളത്തിലെ ഫുട്ബാള്‍ ദൈവങ്ങള്‍ക്കൊപ്പമാണ്. അവരുടെ കൌമാരം സ്വദേശികളും 'വരുത്തന്‍മാരുമായ' കാല്‍പന്തിലെ തമ്പുരാക്കന്‍മാര്‍ക്കിടയിലാകും.ലോകത്തെ ഏറ്റവും വിലയുള്ള ബൂട്ടിട്ട കാലുകളാണ് അവരെ പുല്‍മൈതാനങ്ങളിലെ അതിര്‍ത്തികളില്ലാത്ത ലോകത്തേക്ക് സ്വാഗതം ചെയ്യുക. ഫുട്ബാളിനോടുള്ള ഈ അടങ്ങാത്ത ആവേശം മറ്റൊരു രീതിയില്‍ ഞാന്‍ കൊല്‍ക്കത്തയില്‍ കണ്ടിട്ടുണ്ട്. ലോക ഫുട്ബാളിന്റെ ഭൂപടത്തില്‍ കയറിപ്പറ്റാനാകാതെ മലര്‍ന്നടിച്ചുവീണ നമ്മുടെ രാജ്യത്തെ ഫുട്ബാള്‍ പ്രണയിനികളുടെ കാര്യം ഇതെങ്കില്‍ മാഡ്രിഡിലെ ഫുട്ബാള്‍ ഭ്രാന്ത് ഊഹിക്കാവുന്നതല്ലേയുള്ളൂ. അതും ഇതിഹാസങ്ങള്‍ കൈയെത്തും ദൂരത്ത് പന്ത് തട്ടുമ്പോള്‍...


സ്പാനിഷ് ലീഗ് =
സ്പെയിന്‍

റയല്‍ മാഡ്രിഡ്,ബാഴ്സലോണ,വിയ്യാറയല്‍, അത്ലറ്റികോ മാഡ്രിഡ്,വലന്‍സിയ സ്പാനിഷ് ലീഗിലെ ഈ അതികായന്‍മാരെ അണിനിരത്തിയാല്‍ സ്പെയിന്‍ എന്ന ദേശിയ ടീമായി. ഫുട്ബാളിലെ 'ജീവവായു' കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് ഷെയര്‍മാര്‍ക്കറ്റ് ഇടിയുകയും ഉയരുകയും ചെയ്യുന്ന രാജ്യമാണ് സ്പെയിന്‍ എന്നോര്‍ക്കണം. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങള്‍ വന്നടിയുന്ന ലീഗാണ് അവരുടേത്. അവരോടൊപ്പം ഉണ്ടും ഉറങ്ങിയും കൊണ്ടും കൊടുത്തും കളിച്ചവരാണ് സ്പെയിനിലെ മിക്ക കളിക്കാരും. രണ്ടുപേര്‍ മാത്രമേ സ്പെയിനിനു പുറത്ത് പന്ത് തട്ടുന്നവരായുള്ളൂ. ലിവര്‍പൂളിന്റെ ഒമ്പതാംനമ്പര്‍താരം ഫെര്‍ണാണ്ടോ ടോറസും ആര്‍സണലിന്റെ മിഡ്ഫീല്‍ഡര്‍ ജനറല്‍ ഫാബ്രിഗാസും. ബാക്കി സൈഡ് ബെഞ്ചിലിരിക്കുന്ന 'ദൈവങ്ങള്‍' ഉള്‍പ്പെടെയുള്ളവര്‍ സ്വന്തം നാട്ടിലെ വിവിധ ക്ലബുകള്‍ക്കായി ബൂട്ടുകെട്ടുന്നവരാണ്. സ്പെയിനിന് ഏറ്റവും അനുകൂലമായി കാണുന്ന ഘടകം ഇതാണ്. മിക്കവാറും ഒരേ ശൈലിയില്‍ പന്തുതട്ടുന്നവരായതിനാല്‍ കോച്ച് സ്വദേശി തന്നെയായ വിസെന്റ് ദെല്‍ബോസ്ക് ഗോണ്‍സെയ്ലിസിന് കാര്യങ്ങള്‍ എളുപ്പമായി. ഇത്തരം ഘട്ടങ്ങളില്‍ ടീം കോച്ച് അനുഭവിക്കുന്ന സമ്മര്‍ദം കളിക്കാരനും കോച്ചെന്ന നിലയിലും എനിക്ക് ഊഹിക്കാനാകും. വ്യത്യസ്ത ക്ലബുകളില്‍ കളിക്കുന്ന ഇവരെ രാജ്യത്തിനുവേണ്ടി ബാലന്‍സ്ഡ് ടീം ആക്കി മാറ്റിയെടുക്കേണ്ട റിസ്കേ ഗോണ്‍സെയ്ലിസിനുള്ളൂ. അതിനൊക്കെ പുറമെ കളിക്കാരില്‍ ആത്മവിശ്വാസം വളര്‍ത്തുകയാണ് പ്രധാനം. എന്റെ കരിയറില്‍ ഞാന്‍ കൂടുതല്‍ മുന്‍ഗണന നല്‍കിയത് ഈയൊരു ഘടകത്തിനാണ്. ഈ രണ്ടുകാര്യങ്ങളില്‍ ഗോണ്‍സെയ്ലിസ് വിജയം കണ്ടാല്‍ ഫിഫ കപ്പ് മാഡ്രിഡിലെ ഷോക്കേഴ്സില്‍ വിശ്രമിക്കും.


റാങ്കിംഗില്‍ ഒന്നാമത്
അര്‍ജന്റീനയോ
ബ്രസീലോ അല്ല ...

നിലവിലെ ഫോമില്‍ ഈ കാളക്കൂറ്റന്‍മാരെ ആര്‍ക്കാണ് പിടിച്ചുകെട്ടാനാവുക? 2007 ^മുതല്‍ നടന്ന 35 അന്തരാഷ്ട്ര മല്‍സരങ്ങളില്‍ ഒന്നില്‍പോലും ഈ രാജ്യം തോല്‍വിയറിഞ്ഞിട്ടില്ല. സമനിലയില്‍ പിരിഞ്ഞ രണ്ടുമല്‍സരത്തില്‍ ഒന്ന് സാക്ഷാല്‍ ബ്രസീലിനോടാണെന്നറിയുമ്പോഴേ സ്പെയിനിന്റെ കുതിപ്പ് അളക്കാനാകൂ. ഇവര്‍ കെട്ടുകെട്ടിച്ചവരില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ ഇറ്റലി, ജര്‍മനി, ഇംഗ്ലണ്ട് തുടങ്ങിയ കൊലകൊമ്പന്‍മാരും പെടും. ഒരുകാര്യം നമ്മള്‍ മനസ്സിലാക്കണം ,ഇന്ന് ലോക ഫുട്ബാള്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ളത് അര്‍ജന്റീനയോ ബ്രസീലോ ഇറ്റലിയോ അല്ല ഐകര്‍ കാസിയാസ് നയിക്കുന്ന ഈ ചുള്ളന്‍സംഘമാണ്. എല്ലാ വേള്‍ഡ് കപ്പിലും ആരംഭശൂരത്വവും പേറി മലപോലെവന്ന് എലിയായി മടങ്ങുന്ന സ്പെയിനിനെയാണ് നാം കാണാറുള്ളത്. എന്നാല്‍, ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അത്രക്ക് കെട്ടുറപ്പുള്ള ടീമാണ് അവരുടേത്. ദക്ഷിണാഫ്രിക്കയില്‍ അത് നേടിയില്ലെങ്കില്‍ പിന്നെ എന്ന് എന്ന ചോദ്യം മാത്രമേ ബാക്കിയാവുന്നുള്ളൂ. ഇനി സ്പാനിഷ് ദുരന്തം ആവര്‍ത്തിക്കുകയാണെങ്കില്‍ അവരൊഴുക്കുന്ന കണ്ണീര്‍ വര്‍ഷങ്ങളോളം തുടരും. 1986ല്‍ സെമിയില്‍ എത്തിയതാണ് ഇവരുടെ ഇതുവരെയുള്ള എടുത്തുപറയാവുന്ന നേട്ടം.
ലോകത്തെ സുപ്രധാന ലീഗ് മല്‍സരങ്ങള്‍ നടക്കുന്ന രാഷ്ട്രങ്ങള്‍ക്കെല്ലാം ലോകകപ്പ് നേടാനായിട്ടും റയലും ബാഴ്സയും രഥമേറുന്ന സ്പെയിനിന് ഫിഫകപ്പ് അന്യം നില്‍ക്കുന്നത് എങ്ങനെ നീതീകരിക്കൂം? ഈ കളങ്കം ഇത്തവണ അവര്‍ കഴുകിക്കളയുമെന്നാണ് എന്റെ ഉറച്ച പ്രതീക്ഷ. അതിന്റെ ശുഭസൂചനയാണ് 2008ലെ യൂറോകപ്പ് വിജയം. എങ്ങനെയെങ്കിലും റിസല്‍റ്റ് ഉണ്ടാക്കുക എന്നതിനപ്പുറം ചേതോഹരമായ ഫുട്ബാള്‍ കളിച്ച് എതിരാളികളുടെ പോലും കൈയടി വാങ്ങി ജയിക്കുന്നതാണ് സ്പെയിനിന്റെ രീതി. കുറിയ പാസുകളില്‍ ഒരേസമയം കളിയുടെ വേഗം കൂട്ടിയും കുറച്ചുമുള്ള സ്പാനിഷ് ശൈലി ദക്ഷിണാഫ്രിക്കയില്‍ ആരാധകരെ സൃഷ്ടിക്കുമെന്നുറപ്പ്.


ഈ ലൈനപ്പ് ഏത്
കോച്ചിനെയാണ്
ഭ്രമിപ്പിക്കാത്തത്?

ചിലി,സ്വിറ്റ്സര്‍ലാന്‍ഡ്,ഹോണ്ടുറാസ് ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് സ്പെയിനിന് രണ്ടാം റൌണ്ടിലെത്തണമെങ്കില്‍ അധികം വിയര്‍ക്കേണ്ടിവരുമെന്ന് തോന്നുന്നില്ല. മഹത്തായ ലക്ഷ്യത്തിലേക്ക് അവര്‍ ഒഴുകി വരുന്നത് കാണേണ്ട കാഴ്ചയാണ്. പോര്‍ക്കളത്തില്‍ ശത്രുപക്ഷത്തെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തി അന്തിമപേരാട്ടത്തില്‍ ലോക ഫുട്ബാളിനെ തങ്ങളുടെ കാല്‍ക്കീഴിലാക്കി കിരീടം മാറോടണക്കാന്‍ സ്പാനിഷ് സംഘം കൌണ്ട്ഡൌണ്‍ തുടങ്ങിക്കഴിഞ്ഞു.
എന്തിനും പോന്ന ലൈനപ്പ് ആണ് ഇവരുടെ ശക്തി. ക്യാപ്റ്റന്റെ ആം റിബണ്‍ അണിയുന്ന 29 കാരന്‍ ഐകര്‍ കാസിയാസ് നേതൃത്വം നല്‍കുന്ന സംഘത്തിലെ അന്തിമ ഇലവനെ തീരുമാനിക്കുക കോച്ചിന് ഒന്നൊന്നര പണിയാകും. ഒരുകാര്യം നമ്മള്‍ ഫുട്ബാള്‍ പ്രേമികള്‍ മറക്കരുത് ,സ്പെയിന്‍ എന്ന രാജ്യത്തെ ഫുട്ബാള്‍ പ്രേമികള്‍ കേട്ടുതുടങ്ങിയത് റൌള്‍ ഗോണ്‍സാലസിലൂടെയാണ്. റയല്‍ ക്യാപ്റ്റനായിരുന്ന റൌളിന് പോലും വേള്‍ഡ് കപ്പ് സ്ക്വാഡില്‍ സീറ്റ് കിട്ടിയില്ലെന്നറിയുക. അത്രക്കുണ്ട് സംഘത്തിലെ പ്രതിഭാ ധാരാളിത്തം.
യൂറോകപ്പില്‍ സ്പെയിനിനെ വിജയത്തിലേക്ക് നയിച്ച കാസിയാസ് രാജ്യത്തിനുവേണ്ടി കോട്ടകാത്ത 82 മാച്ചുകളില്‍ 42എണ്ണത്തിലും കാസിയാസിന്റെ പോസ്റ്റില്‍ പന്തടിച്ചുകയറ്റുന്നതില്‍ എതിരാളികള്‍ പരാജയപ്പെട്ടു. പെനാല്‍ട്ടി തടുക്കുന്നതിലും പേരുകേട്ട കാസിയാസ് റയലിന്റെ ഗോള്‍വല സൂക്ഷിപ്പുകാരാന്‍ കൂടിയാണ്. പ്രതിഭാധനരായ കാര്‍ലോസ് പുയോള്‍, സെര്‍ജിയോ റാമോസ്, മാര്‍ക്കോസ് സെന്ന തുടങ്ങിയവര്‍ തീര്‍ക്കുന്ന പ്രതിരോധത്തില്‍ പെട്ടെന്നൊരു വിള്ളല്‍ വീഴ്ത്തുക അസാധ്യമാകും. ഡിഫന്‍ഡറുടെ എല്ലാ ക്വാളിറ്റിയും സമ്മേളിച്ച പുയോള്‍ ഗോളടിപ്പിക്കുന്നതിലും മിടുക്കനാണ്. സാവി ഹെര്‍ണാണ്ടസ്, ഡേവിഡ് സില്‍വ, ഇനയസ്റ്റ,സാവി അലോണ്‍സോ മധ്യനിര അടക്കിഭരിക്കുന്ന ഈ സംഘം ഏത് കോച്ചിനെയും ഭ്രമിപ്പിക്കും. ഇവര്‍ കൃത്യമായി എത്തിക്കുന്ന പന്ത് വലയിലേക്ക് തിരിച്ചുവിടേണ്ട പണിയെ സ്ട്രൈക്കര്‍മാര്‍ക്കുള്ളൂ. മുന്‍നിരയില്‍ കളിക്കുന്ന ടോറസ്^വിയ സഖ്യത്തില്‍ ആരാണ് മുമ്പന്‍ എന്നതിലേ തര്‍ക്കം വേണ്ടൂ. എതിര്‍ പ്രതിരോധത്തില്‍ ആഞ്ഞടിക്കുന്ന എല്‍നിനോ (ടോറസ്) എതിര്‍ ടീമിന്റെ വേര് ഒറ്റക്ക് പിഴുതെറിയാന്‍ ശക്തിയുള്ളവനാണെന്ന് വിശ്വസിക്കുന്നവര്‍ ഒരുപാടാണ്.എനിക്ക് ആശങ്കയുള്ളത് അദ്ദേഹത്തിന്റെ പരിക്കിലാണ്. ഇപ്പോള്‍ ശത്രുപാളയം അദ്ദേഹത്തിന്റെ പരിക്കില്‍ ആശ്വസിക്കുന്നുണ്ടാകണം. യൂറോകപ്പില്‍ ജര്‍മനിക്കെതിരെ വിജയഗോള്‍ നേടിയ ടോറസ് പരിക്കുമാറി ഗ്രൌണ്ടിലെത്തിയാല്‍ പിടിച്ചുകെട്ടുക ദുഷ്കരമാകും.രണ്ട് ഡിഫന്‍ഡര്‍മാരെ അതിന് ചുമതലപ്പെടുത്തിയാലും അവന്‍ കെട്ടുപൊട്ടിക്കും. ഫ്ലക്സിബിള്‍ പ്ലയറാണവന്‍. 2003ല്‍ ദേശീയ ടീമിലെത്തിയ ഈ സ്വര്‍ണമുടിക്കാരന് ഒരിക്കല്‍പോലും മഞ്ഞയും ചുവപ്പും കലര്‍ന്ന ദേശീയകുപ്പായം അഴിക്കേണ്ടിവന്നിട്ടില്ല. ഏഴുവര്‍ഷം അത്രവലിയ കാലയളവ് അല്ലെങ്കിലും ഇതിനിടയില്‍ തന്റെ അസ്തിത്വം അരക്കിട്ടുറപ്പിക്കുക ശ്രമകരമാണ്. പ്രത്യേകിച്ച് യൂറോപ്പിനെ സംബന്ധിച്ചേടത്തോളം ഓരോ ദിവസവും പ്രതിഭകളായ സ്ട്രൈക്കര്‍മാര്‍ വെളിച്ചം കാണുമ്പോള്‍. നമ്മുടെ നാട്ടിലെ മുന്‍നിരകളിക്കാര്‍ക്ക് പഞ്ഞമുള്ളൂ. എന്നാല്‍ ടോറസിനെക്കാളും അപകടകാരിയാകും വിയ എന്ന് ഫുട്ബാള്‍ മതം വിലയിരുത്തുന്നു. റൌളിനെ പിന്തള്ളി ടീമിലെത്തിയതുമാത്രം മതി വിയയുടെ പ്രതിഭയളക്കാന്‍. കഴിഞ്ഞ യൂറോകപ്പിലെ ടോപ്പ് സ്കോററാണ് ഈ ഗോള്‍ഡന്‍ ബോയി. ക്രിസറ്റ്യാനോ,മെസി,റൂണി ഇവര്‍ക്കൊപ്പം സുവര്‍ണ പന്തിലേക്കുള്ള വഴിയില്‍ വിയയുണ്ടാകുമെന്ന് തീര്‍ച്ച. ദേശീയ ടീമിനായി 54 കളിയില്‍ നിന്ന് 36 ഗോളുകള്‍ വിയ ഇതിനകം സ്വന്തം പേരില്‍ കുറിച്ചു കഴിഞ്ഞു.
22 കാരനായ ഫാബ്രിഗാസാണ് ഗോണ്‍സെയ്ലിസിന്റെ മറ്റൊരു വജ്രായുധം. മധ്യനിരയില്‍ ഫാബ്രിഗാസ് കാല്കൊണ്ട് നെയ്തെടുക്കുന്ന തന്ത്രങ്ങള്‍ക്കനുസരിച്ചാകും കളിയുടെ വേഗം നിയന്ത്രിക്കുക. പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന്റെ ചാട്ടൂളിയായ ഫാബ്രിഗാസിനെ 16ാം വയസ്സിലാണ് ആഴ്സന്‍ വെംഗര്‍ ടീമിലെടുക്കുന്നത്. ചുരുങ്ങിയ പ്രായത്തില്‍ ലോക ഫുട്ബാളിലെ കളിയിടങ്ങളില്‍ തിരുത്താനാവാത്ത വിധം സ്വന്തം വിലാസം എഴുതിച്ചേര്‍ത്ത ഫാബ്രിഗാസില്‍ നിന്ന് നമ്മുക്ക് ഒരുപാട് പ്രതീക്ഷിക്കാം. ചുരുക്കത്തില്‍ ഇത്തവണ സ്പെയിന് എല്ലാം അനുകൂലമാണ്. ക്വാര്‍ട്ടറും സെമിയും കടന്ന് കലാശക്കൊട്ടില്‍ അവര്‍ ബ്രിസീലിനോട് മുട്ടട്ടെ എന്നാണ് എന്റെ ആഗ്രഹം. എങ്കില്‍ എന്നും ഓര്‍ത്തുവെക്കാന്‍ ഇരുണ്ട ഭൂഖണ്ഡം സമ്മാനിക്കുന്ന സമ്മോഹന വിരുന്നാകും അത്.

എന്‍.കെ റിയാസ്

No comments:

Post a Comment