Monday, July 5, 2010
ആസ്യ ടീച്ചര്‍
ആക്സമികമായാണ് ആ മരണ വാര്‍ത്ത കണ്ടത്.ഡെസ്ക്കില്‍ ചരമ വാര്‍ത്തകളുമായി കെട്ടി മറിയുമ്പോള്‍ ഇത്തരം നടുക്കങ്ങള്‍ ഇടിത്തീയായി പതിക്കുന്നത് ഇത് രണ്ടാംതവണയാണ്.അന്ന് എനിക്ക് ജനറല്‍ പേജുകളുടെ ഉത്തരവാദിത്തമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആയുസ് ഒടുങ്ങിയവരുടെ സാമൃാജ്യത്തിലേക്ക് പ്രവേശിക്കേണ്ടി വരാറില്ല. ഇവിടെ തീര്‍ച്ചയായും ഞാന്‍ എത്തിനോക്കുകയായിരുന്നു എന്ന് വേണം പറയാന്‍. ഏതോ അദൃശ്യ ശക്തിയുടെ മൌനാനുവാദത്തോടെ എട്ടാം പേജ് മോണിറ്ററില്‍ പ്രത്യക്ഷപ്പെട്ടതും ഓര്‍മയില്‍ ക്ലാവു പിടിച്ചു തുടങ്ങിയ ചിത്രം തെളിഞ്ഞതും ഒരുമിച്ചാണ്.'ഹജ്ജിന് പോകാന്‍ പോളിയോ എടുത്ത് ശരീരം തളര്‍ന്ന ആസ്യ ടീച്ചര്‍ മരിച്ചു'.ഹെഡിംഗ് വായിച്ചതും പടത്തിലേക്ക് ഒരിക്കല്‍കൂടി എന്റെ കണ്ണുകള്‍ ആഴ്ത്തിയിറക്കി. കൊടിയത്തൂര്‍ പി.ടി.എം.എച്ച്.എസില്‍വെച്ച് 12 വര്‍ഷം മുമ്പ് എനിക്ക് മനുഷ്യന്‍ സാമൂഹ്യജീവിയാണെന്നതും നാനാത്വത്തില്‍ ഏകത്വവുമൊക്കെ ചൊല്ലിത്തന്ന ആസ്യ ടീച്ചറുടെ മുഖമായിരുന്നു അന്ന് അകം നിറയെ.
വാദിറഹ്മയിലെ ജീവിതത്തിനിടയില്‍ ആസ്യ ടീച്ചര്‍ എനിക്ക് ആവേശവും ആശ്വാസവുമായിരുന്നു.നിര്‍ഭാഗ്യവശാല്‍ 'അണ്ണാച്ചി'എന്ന അപരനാമത്തിലാണ് ടീച്ചറെക്കുറിച്ച് ഞാന്‍ കേള്‍ക്കാന്‍ തുടങ്ങുന്നത്. കൊടിയത്തൂര്‍ പോലുള്ള ' ഇസ്ലാമിക' ഗ്രാമങ്ങളില്‍ ഹിജാബും കൈമുഴുവന്‍ മറയുന്ന ബ്ലൌസും ധരിക്കാത്ത ആസ്യടീച്ചര്‍ അവര്‍ക്ക് നികൃഷ്ട ജീവിയായിരുന്നു. തെല്ല് അത്ഭുതത്തോടെയാണ് ടീച്ചറെ അന്നാട്ടുകാര്‍ വരവേറ്റത്. പക്ഷേ 'ജാഹിലിയ്യാ' നാട്ടില്‍ നിന്ന് കുറുക്കന്‍ തടായിയിലെത്തിയ ഞാന്‍ സ്വന്തം നാട്ടുകാരിയായാണ് ടീച്ചറെ കാണുന്നത്. സത്യത്തില്‍ ടീച്ചറിന്റെ പിറന്ന മണ്ണ് ഇന്നും എനിക്ക് അജ്ഞാതമാണ്. പലപ്പോഴും ചോദിക്കണമെന്ന് കരുതിയിട്ടും നാവ് പൊക്കാന്‍ ധൈര്യം വന്നില്ല.
പി.ടി.എം.എച്ച്.എസിലെ അതികായര്‍ വാഴുന്ന 10 ഇയില്‍ നാലാമത്തെ ബഞ്ചില്‍ ഇടത്തേയറ്റത്താണ് എന്റെ സ്ഥാനം. കഴുത്തിന് ഭാരമായി ക്ലാസ് ലീഡര്‍ പദവിയും കൂടെയുണ്ട്.'മണ്ടന്‍മൂല'യില്‍ തൊമ്മന്‍ ഞാനായിരുന്നു. സ്വാഭാവികമായും ടീച്ചറുമായി അടുക്കുന്നത് അങ്ങനെയാണ്. ഉച്ചകഴിഞ്ഞുള്ള മയക്കത്തിനിടെ സാമൂഹ്യപാഠം പിരിയഡില്‍ ചോദ്യവുമായി ടീച്ചര്‍ വരുമ്പോള്‍ ഞാനാകെ കോരിത്തരിക്കും. ഈസി ക്വസ്റ്റ്യന്‍ ചോദിക്കണേ എന്നാകും പ്രാര്‍ഥന. ഉത്തരം മുട്ടിയാല്‍ ഉള്ളംകയ്യില്‍ വീഴുന്ന വടിയെ ഓര്‍ത്തല്ല പേടി. നാണക്കേടാണ്. അല്ലെങ്കിലും ടീച്ചറുടെ ചൂരല്‍ കഷായത്തിന് മധുരമാണ്. പക്ഷേ നാണക്കേടിന്റെ കയ്പ് എത്ര കഴുകിയാലും നാവിന്‍ തുമ്പത്ത് പറ്റിപ്പിടിച്ചിരിക്കും. മിക്കപ്പോഴൂം ശരിയുത്തരം പറയാന്‍ കഴിഞ്ഞത് ടീച്ചര്‍ക്ക് എന്നോടുള്ള മതിപ്പ് കൂട്ടാന്‍ കാരണമായി. ഞാന്‍ യത്തീമാണെന്നും വീട് ആലുവായാണെന്നുമൊക്കെ അറിഞ്ഞപ്പോള്‍ കൂടുതല്‍ വാല്‍സല്യമായി.ശേഷം എന്നെ ആലുവക്കാരനെന്നേ വിളിക്കൂ. ഇടക്ക് പലപ്പോഴും വീട്ടിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അപകര്‍ഷബോധവും ഭീരുത്വവും പറങ്കിമാവിനും പാറക്കൂട്ടങ്ങള്‍ക്കുമിടയിലുള്ള ടീച്ചറിന്റെ വീട്ടിലേക്കുള്ള എന്റെ വഴി മുടക്കി.
നീണ്ട അവധി ദിനങ്ങള്‍ക്കേ ഞാന്‍ വീട്ടില്‍ പോയിരുന്നുള്ളു. മടങ്ങി വന്നാല്‍ വിശേഷങ്ങള്‍ ചോദിക്കുന്ന ടീച്ചര്‍ എനിക്ക് അത്ഭുതമായിരുന്നു. അവസാനമായി സെന്‍ഡ് ഓഫ് ദിനത്തില്‍ ടീച്ചറോട് യാത്ര ചോദിക്കുമ്പോള്‍ എന്റെ ഉള്ളം ഇരുണ്ടിരുന്നു. നല്ല നിലയിലെത്തിയാലും ആസ്യടീച്ചറെയൊന്നും മറക്കരുതെന്ന് പറഞ്ഞ ടീച്ചറിന്റെ വാക്കുകള്‍ ഇപ്പോഴും ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്താറുണ്ട്. 'വാദിറഹ്മയില്‍ വരുമ്പോള്‍ വീട്ടില്‍ വരണം'എന്ന് ആവശ്യപ്പെട്ടെങ്കിലും പലപ്പോഴും തടായിക്കുന്ന് കയറിയിട്ടും ടീച്ചറിന്റെ താഴ്വരയിലേക്ക് ഇറങ്ങാന്‍ മനസ്സ് അനവദിച്ചില്ല. ഇതിനിടയില്‍ ടീച്ചര്‍ തളര്‍ന്നതും എവിടെനിന്നോ എന്റെ ചെവിയിലെത്തിയിരുന്നു. പക്ഷേ ആ കിടപ്പ് മരണത്തിലേക്കുള്ള വഴിയായിരുന്നുവെന്ന് കരുതിയില്ല. ഇതിനിടയില്‍ എപ്പോഴെങ്കിലും ടീച്ചര്‍ എന്നെ ഓര്‍ത്തിരുന്നോ എന്നെനിക്കുറപ്പില്ല. അനേകായിരം ശിഷ്യരില്‍ ഈ മുഖം അത്രപ്പെട്ടെന്ന് മറക്കുമെന്നും ഞാന്‍ വിശ്വസിക്കില്ല. ഇടക്ക് പലപ്പോഴും കത്തയക്കണമെന്നും വിളിക്കണമെന്നുമൊക്കെ കരുതിയെങ്കിലും മരണത്തിന്റെ വിളിക്ക് മുമ്പില്‍ എന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു.
Subscribe to:
Post Comments (Atom)
This comment has been removed by the author.
ReplyDeleteമരണത്തെക്കുറിച്ച് പറഞ്ഞ് മരണത്തിലേക്ക് പോയ പ്രിയ സുഹൃത്തേ നിനക്കായ് പ്രാര്‍ഥിക്കാനെ ഇനി ഞങ്ങള്‍ക്ക് കഴിയൂ.
ReplyDeleteഞങ്ങള്‍ക്കായി നീ ഇവിടെ ഇട്ടുപോയ ഈ നല്ലവാക്കുകള്‍ക്ക് പ്രചാരം നല്‍കാന്‍ വല്ലതും ചെയ്യാന്‍ കഴിയുമോ എന്നു നോക്കട്ടേ.
ഈ ബ്ലോഗറെക്കുറിച്ച് കൂടുതല്‍ അറിയാന്‍ നിയാസ് എന്‍ കെ ഓര്‍മ