Saturday, July 3, 2010

നമ്മുക്ക് കൊമാനേയോട് മാപ്പാക്കാം





അതുവരെ കൊമാനോ ജപ്പാന്റെ മാത്രമല്ല ഏഷ്യയുടെ തന്നെ വീരപുത്രനായിരുന്നു.ഹീറോയില്‍ നിന്ന് മുടിയാനായ പുത്രനിലേക്ക് അധികം ദൂരം താണ്ടേണ്ടതില്ലെന്ന് ഒരു കളിക്കാരനെ ആരും ചൊല്ലിപഠിപ്പിക്കേണ്ട.അവര്‍ക്ക് മുന്നില്‍ കൊളംമ്പിയന്‍ മാഫിയാസംഘത്തിന്റെ നിറയേറ്റു മരിച്ച വാലന്‍മുടിക്കാരന്‍ എസ്കോബാറുണ്ട്.കൊമാ നോയുടെയും എസ്കോബാറിന്റെയും ജഴ്സി നമ്പര്‍ വലത്തോട്ട് വരചിട്ട മൂന്നായത് വിധിവൈപരീതമാകാം.ഒരു സ്പോട്ട് കിക്കിന്റെ അകലമാണ് ഹോണ്ടയെ കൊള്ളരുതാത്തവനാക്കിയത്.
കൊള്ളിയാന്‍ കണക്കെ ജബുലാനിയെ എതിര്‍പാളയത്തിലെ വലക്കള്ളി കീറിമുറിക്കാന്‍ പറഞ്ഞുവിട്ട കൊമാനോ ജപ്പാന് ക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പാക്കിയതുമുതല്‍ പിന്നീടങ്ങോട്ട് ചരിത്രമായിരുന്നു. മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത് കൊമാനോയുടെ ചാട്ടൂളി. പലരും അതിന്റെ ഗ്രാഫടക്കം വരച്ച് പ്രതിഭയുടെ മുന കൂര്‍മ്പിച്ച് ഉറപ്പുവരുത്തി.ഫ്രീക്കിക്കിലൂടെ അന്ന് രണ്ട് ഗോളാണ് സാമൂറായിക്കാര്‍ വരവുവെച്ചത്. ഫ്രീകിക്ക് ആശാന്‍മാരെന്ന് ലോകം പേരിട്ട് വിളിച്ച 'തുടയന്‍'കാര്‍ലോസിന്റെയും ഉരുക്ക് മനുഷ്യന്‍ ബെക്കാമിന്റെയും കുട്ടത്തില്‍ അന്ന് കൊമാനോയുടെ പേരും എണ്ണാന്‍ ധൈര്യം കാണിച്ച കളിപ്പന്ത് പണ്ഡിതരുണ്ടായി.
പക്ഷേ ക്വാര്‍ട്ടറില്‍ പരാഗ്വയ്ക്കെതിരെ അധികം സമയത്തും ഫലമില്ലാത്തതിനെത്തുടര്‍ന്ന് റഫറി ഷൂട്ടൌട്ടിനായി വിസിലൂതി. അത് അന്ത്യനാളിലേക്കുള്ള കുഴലൂത്തായിരുന്നെങ്കിലെന്ന് കൊമാനോയുടെ മനം ഇപ്പോള്‍ തേടുന്നുണ്ടാകണം. ആദ്യ രണ്ട് കിക്കും ഇരുകൂട്ടരും ലക്ഷ്യത്തിലെത്തിച്ചു. തന്റെ പുറത്ത് വിയര്‍പ്പില്‍ ഒട്ടിക്കിടക്കുന്ന ജഴ്സി നമ്പര്‍ മൂന്നായതാകാം കൊമാനോ എത്തിയത് മുന്നാമനായിട്ടായിരുന്നു.ആ വരവില്‍ തന്നെ എന്തോ പന്തികേട്!ആടിയുലഞ്ഞ് തളര്‍ന്ന കൊമാനോ. മുഖത്ത് ആത്മവിശ്വാസം വരുത്താന്‍ പാട്പെടുന്നത് ആയിരങ്ങളായ കാമറക്കണ്ണുകള്‍ തുറന്നുകാട്ടി. പന്തിനെ ചുമ്പിക്കാനായി എടുത്തപ്പോഴും ആ കണ്ണുകളില്‍ ഭയന്നുവിറച്ച മാന്‍പേടയുടെ വിറയല്‍ കാണാമായിരുന്നു. പ്രതീക്ഷിച്ചത് സംഭവിച്ചു. ഒരു ഭുഖണ്ഡത്തിന്റെ ഹൃദയ മിഢിപ്പ് നിലച്ച നേരം. പന്ത് ബാറിനെ പിടിച്ചു കുലുക്കി ഗാലറിയിലേക്ക് പറന്നു.വലത്തേ ഫ്ലാഗ് കോര്‍ണറില്‍ പരാഗ്വെ താരങ്ങള്‍ ആഹ്ലാദ ഗോപുരം കെട്ടി. പെനാല്‍ട്ടി ബോക്സില്‍ ഏകാകിയായി കോമാനോ. കലങ്ങിയ ആ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണീര്‍ വന്നിരുന്നെങ്കില്‍....ശേഷം കൊമാനോ ഒരു വന്‍കരയുടെ നേര്‍ക്ക് തിരിഞ്ഞു; പച്ചപ്പുല്ലില്‍ മുട്ടുകുത്തി ഇരുകൈകളും കൂപ്പി. പിന്നെ മുട്ടിപ്പായി പ്രാര്‍ഥിച്ചു; കര്‍ത്തവേ,എന്റെ ഈ വിശുദ്ധശരീരത്തില്‍ നിന്ന് അങ്ങെന്റെ ആത്മാവിനെ വിളിച്ചാലും ...

No comments:

Post a Comment