Monday, July 12, 2010

ഫോര്‍ലാന്‍ ദ ഗ്രേറ്റ്


സോക്കര്‍ സിറ്റിയിലെ പച്ചപുല്‍മൈതാനത്ത് പന്തുരളുംമുമ്പ് വാഴ്ത്തപ്പെട്ടവരുടെ കൂട്ടത്തില്‍ എത്ര പരതിയാലും ഫോര്‍ലാന്റെ പേര് കാണില്ല. പ്രശംസയുടെ കണ്ഡഭാരവും പേറി കക്കയും റൂണിയും ആരാധകക്കൂട്ടത്തില്‍ നൃത്തം വെക്കുമ്പോള്‍ ഫോര്‍ലാന്‍ ഹൈ ആള്‍ട്ടിറ്റ്യൂഡില്‍ ആളൊഴിഞ്ഞ പോസ്റ്റില്‍ മഴവില്‍കിക്കിന് മൂര്‍ച്ചക്കൂട്ടുകയായിരുന്നു.ശ്രമം ഫലംകണ്ടു എന്നതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു ഘാനക്കെതിരെ തൊടുത്ത തീയുണ്ട.ഗോള്‍തൂണുകള്‍ക്കു കീഴെ ട്രപ്പീസുകളിക്കാരനെപോലെ പറന്നുനടക്കുന്ന ഗോളി കിങ്ങ്സ്റ്റണിനും പിടികൊടുക്കാതെ പോയ ജബുലാനി നെയ്ലോണ്‍ വല കീറിമുറിച്ച് പുറത്ത്കടക്കുമെന്ന് തോന്നിച്ചു.പിന്നീടത് സാക്ഷാല്‍ ജര്‍മനിക്കെതിരെയും അമേരിക്കക്കെതിരെയും ഒരിക്കല്‍കൂടി ഫുട്ബാള്‍ലോകം കണ്ടു,മൂക്കത്ത് കൈ വെച്ച്. ദൈവമേ നന്ദി! മെസിയിലും റൊണാള്‍ഡോയിലും ദ്രോഗ്ബയിലും മോഹലസ്യപ്പെട്ട ഞങ്ങള്‍ ഭ്രാന്തിന്റെ വക്കിലായിരുന്നു. തക്കസമയത്ത് നീ ആകാശത്ത് നിന്നിറക്കിയ മന്നയും സല്‍വയുമാണ് ഈ ഫോര്‍ലാന്‍. ഈ പൂച്ചക്കണ്ണന്‍ അനുസരണക്കേട് കാണിക്കുന്ന മുടിയെ പിന്നിലേക്ക് വലിച്ച്കെട്ടിയും നിഷ്കളങ്കമായ ചിരിയും സമ്മാനിച്ച് പന്ത് ഗോള്‍വരകടന്ന ശേഷം ഇരുകൈകളും വായുവിലേക്കെറിഞ്ഞ് സഹതാരങ്ങളെ പുല്‍കാനായി സൈഡ്ബെഞ്ച് ലക്ഷ്യമിട്ടുള്ള റിഥത്തോടെയുള്ള ആ ഓട്ടം ആഫ്രിക്കയുടെ ഓര്‍മകളില്‍ മായാത്ത ഫ്രെയ്മാകും.
നമ്മള്‍ പേര്ചൊല്ലിപഠിക്കുന്ന താരകുമാരന്‍മാരില്‍ പലരും ഇളംവെയിലില്‍ പോലും ചിറകറ്റ് വീഴുമ്പോള്‍ തീ തുപ്പുന്ന സൂര്യനു കീഴെ നടുനിവര്‍ത്തി കളിക്കുന്ന ചിലരെ നാം കാണാതിരുന്നു കൂടാ.ലോകത്തിന്റെ കളിമുറ്റത്ത് വിലാസം നഷ്ടപ്പെട്ട ഒരു രാജ്യത്തെ ഒറ്റക്ക് തോളിലേറ്റി, കീറിമുറിക്കാന്‍ വരുന്ന 'സിംഹങ്ങളെയും','ആനക്കൂട്ടത്തെയും','കാളക്കുറ്റന്‍മാരെയും മലര്‍ത്തിയടിച്ച് നെഞ്ച്വിരിച്ച് വിജയശ്രീലാളിതനാകുമ്പോള്‍ അവര്‍ക്ക് വേണ്ടി കൈയടിക്കാത്തവന്റെ കൈ പിന്നെ പൊങ്ങാതിരിക്കട്ടെ!
ഫോര്‍ലാന്‍ ഒരു ജനതയുടെ വികാരമായത് അങ്ങനെയാണ്.ശരാശരി കളിക്കാരനായ സുവാരസുപോലും സഭാകമ്പം ഊരിക്കളഞ്ഞ് നിറഞ്ഞ് തുള്ളാന്‍ തുടങ്ങിയത് ഫോര്‍ലാനില്‍ നിന്ന് ആവേശം കുത്തിവെച്ചാണ്.ക്വാര്‍ട്ടറില്‍ ഘാനക്കെതിരെ എക്സ്ട്രാടൈം അന്ത്യത്തോടടക്കുമ്പോള്‍ ഗോള്‍ വരമ്പില്‍ നിന്ന് പന്ത് കൈകൊണ്ട് തടത്തിട്ട സുവാരസ് ഒരേസമയം ഹീറോയോ വില്ലനോ ആയി.പക്ഷേ അസമാവോ എടുത്ത കിക്ക് ബാറില്‍ തട്ടിതിരിച്ചുവന്നത് വിധിയെന്നുമാത്രം പറഞ്ഞുകൂടാ. അത് മുണ്ടാരിയടിച്ചാലും ഗോള്‍ വരകടക്കില്ലായിരുന്നു. കാരണം യവന ദേവന്‍മാരാണ് അന്ന് ഉറുഗ്വായിക്ക് വേണ്ടി ബൂട്ടുകെട്ടിയത്.ഫോര്‍ലാന് ദൈവലോകം പോലും പിന്തുണ പ്രഖ്യാപിച്ചു എന്നതിന്റെ തെളിവ്. സെമിയില്‍ ജര്‍മനിയോട് കളിച്ച കളി ഫുട്ബാള്‍ പണ്ഡിതര്‍ ഓര്‍ത്തുവെക്കും. മ്യൂളറുടെ ഗോളിന് മറുപടിയായി മിനിറ്റുകള്‍ക്കകമാണ് നിറയൊഴിച്ചത്. അതും എണ്ണം പറഞ്ഞ രണ്ട് ഗോള്‍. അതിലും ഫോര്‍ലാന്‍ ഹൃദയം കൊണ്ട് ഒപ്പിട്ടിരുന്നു. ബോക്സില്‍ നിന്ന് ഗോളിക്ക് ലംമ്പമായി എടുത്ത അതി മനോഹരമായ അക്രോബാറ്റിക് ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയില്‍ കിടന്ന് കിതച്ചു. സെമിര്‍ ഖാദിരി 86^ാം മിനിറ്റില്‍ തപ്പിത്തടഞ്ഞ് ഗോള്‍ കണ്ടെത്തി നീരാളിയെയും ജര്‍മനിയെയും സംരക്ഷിച്ചെങ്കിലും 90^ാം മനിറ്റില്‍ ഫോര്‍ലാന്‍ എടുത്ത ഫ്രീകിക്ക് വരും നൂറ്റാണ്ടിലും ചില്ലിട്ട് ഓര്‍മയില്‍ സൂക്ഷിക്കാന്‍ പോന്നതാണ്. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ജര്‍മന്‍ മതില്‍ 'ചീട്ടുകൊട്ടാരം'പോലെ തകരാതിരുന്നത്്.അപ്പോഴേക്കും യവന ദേവന്‍മാര്‍ ബൂട്ടഴിച്ചിരുന്നു.ഫ്രീകിക്കില്‍ നിന്ന് തുടങ്ങി ഫ്രീകിക്കില്‍ തന്നെ അവസാനിപ്പിച്ച ഫോര്‍ലാന്‍ പിന്നെ വിയര്‍ത്തൊലിച്ച ജഴ്സി പിഴിഞ്ഞ് മുഖംപൊത്തി.

2 comments: